മൃദംഗവിസ്മയം തീര്‍ത്ത് കൊരമ്പിലെ പ്രതിഭകള്‍
ഇരിങ്ങാലക്കുട: റവന്യു ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനെ താളക്കൊഴുപ്പിലാഴ്ത്തി ഇരിങ്ങാലക്കുടയുടെ തനത് കലയായ മൃദംഗമേളയോടെ കലോത്സവത്തിന്റെ കേളികൊട്ടുയര്‍ന്നു. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ഇന്നലെ രാവിലെ കൊരമ്പു വിക്രമന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ മൃദംഗകളരിയിലെ മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മുപ്പതോളം വിദ്യാര്‍ഥികള്‍ മൃദംഗമേള അവതരിപ്പിച്ചു. പ്രധാനവേദിയില്‍ തന്നെയായിരുന്നു മൃദംഗവിരുന്ന്. മൃദംഗാചാര്യന് കൊരമ്പ് സുബ്രഹ്മണ്യന് നമ്പൂതിരിയുടെ മകനും കൊരമ്പ് മൃദംഗകളരി ഡയറക്ടറുമായ വിക്രമന് നമ്പൂതിരിയാണ് മൃദംഗമേളക്ക് നേതൃത്വം നല്‍കിയത്. കൊരമ്പ് മൃദംഗകളരിയിലെ നാലു വയസുകാരന് രുദ്ര തീര്‍ഥ് മുതല്‍ 14 വയസുകാരന് അതുല്‍ കൃഷ്ണ വരെയുള്ള 30 വിദ്യാര്‍ഥികളാണ് മൃദംഗമേളയില്‍ പങ്കെടുത്തത്. മൃദംഗപാഠത്തിലെ ആദ്യപാഠത്തില്‍ മൃദംഗവാദനത്തിലെ മുഖ്യഇനങ്ങളായ പഞ്ചനടയും മോറയും കോറുവയും കൊറപ്പുമാണ് വായിച്ചത്. ഓണ്‍ലൈന്‍ വഴി വിദേശത്തും മൃദംഗം പഠിപ്പിച്ചാണ് ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗകളരി ശ്രദ്ധേയമായത്. നൂറ്റൊന്നും ഇരുനൂറ്റൊന്നും കുട്ടികളെ അണിനിരത്തി ഉത്സവചടങ്ങുകള്ക്കു മൃദംഗമേളം ഒരുക്കിയും ശ്രദ്ധാകേന്ദ്രമായി. മുമ്പ് നടന്ന സംസ്ഥാന കലോത്സവത്തിലും കൊരമ്പു മൃദംഗകളരിയിലെ ഈ വിദ്യാര്‍ഥികള്‍ മൃദംഗമേള അവതരിപ്പിച്ചിരുന്നു.