ആദരായണ ആലോചനായോഗം നടന്നു
ഇരിങ്ങാലക്കുട: കേരളത്തിലെ കലാസാംസ്കാരിക സംഘാടക രംഗത്ത് വേറിട്ട ചുവടുവയ്പ്പുകളോടെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സപ്തതിയുടെ നിറവില്‍ നില്ക്കുന്ന അനിയന് മംഗലശ്ശേരിയെ ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബും ഇതര സാംസ്കാരിക സംഘടനകളും കേരളത്തിലെ കലാസാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് ആദരിക്കുന്നു. അഞ്ചുപതിറ്റാണ്ടോളമായി ഈ രംഗത്ത് നിസ്തുല പ്രവര്‍ത്തനം നടത്തിവരുന്ന അദ്ദേഹം ഇരിങ്ങാലക്കുട കഥകളി ക്ലബിന്റേയും കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് അനുസ്മരണ കമ്മിറ്റിയുടേയും അമരക്കാരനാണ്. 2023 ജനുവരി 28ന് ഇരിങ്ങാലക്കുടയില്‍ വച്ച് നടത്തുന്ന ആദരായണ പരിപാടിയില്‍ സംഗീത സദസ്, സെമിനാര്‍, സുഹൃദ് സംഗമം, ശാസ്ത്രീയ നൃത്തങ്ങള്‍, അനുമോദന സമ്മേളനം, ഹിന്ദുസ്ഥാനി സംഗീതസദസ് തുടങ്ങിയവ ഉണ്ടാകും. അഡ്വ. രാജേഷ് തമ്പാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ചെയര്‍മാനായും രമേശന് നമ്പീശന് ജനറല്‍ കണ്‍വീനറായും വരുന്ന സംഘാടക സമിതിയില്‍ പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ മുഖ്യരക്ഷാധികാരിയായിരിക്കും. പ്രമുഖകലാകാരന്മാരേയും പൗരപ്രമുഖരേയും സംസ്കാരിക പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്കി. സംഗമം ഹാളില്‍ വച്ച് ചേര്‍ന്ന ആലോചനായോഗത്തില്‍ സാംസ്കാരിക ലോകത്തുനിന്നുള്ള നിരവധിപേര്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട കഥകളി ക്ലബ് സെക്രട്ടറി രമേശന് നമ്പീശന് സ്വാഗതവും വൈസ് പ്രസിഡന്റ് എ.എസ്. സതീശന് നന്ദിയും പറഞ്ഞു.