പടിയൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഫുട്ബോള്‍ ലഹരി കാമ്പയിന് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പടിയൂര്‍ ഗ്രാമപഞ്ചായത്ത് സിഡിഎസ് മയക്കുമരുന്നിനെതിരെ ഫുട്ബോള്‍ ലഹരി എന്ന കാമ്പയിന് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് പരിപാടി ഉദ്ഘാടനം ചെയ്തു. വര്‍ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗം കുട്ടികളേയും യുവതലമുറയേയും സര്‍വോപരി ഈ നാടിനെ തന്നെ തകര്‍ക്കുന്നുവെന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഈ നാടിനെ സംരക്ഷിക്കുന്നതിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ലത സഹദേവന് കൂട്ടിച്ചേര്‍ത്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ യമുന രവീന്ദ്രന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍ അധ്യക്ഷനായി. ബ്ലോക്ക് മെമ്പര്‍ രാജേഷ് അശോകന്, വാര്‍ഡ് മെമ്പര്‍മാരായ ടി.വി. വിബിന്, ഷാലി ദീലീപന്‍ എന്നിവര്‍ സംസാരിച്ചു.