പിന്‍വാതില്‍ നിയമനം: മുരിയാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
മുരിയാട്: പിന്‍വാതില്‍ നിയമനത്തിന് കളമൊരുക്കി കമ്മിറ്റികളില്‍ പാര്‍ട്ടിക്കാരെ തിരുകി കയറ്റുന്നതായി ആരോപിച്ച് പഞ്ചായത്ത് യോഗത്തില്‍ നിന്നും പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപോയി. മുരിയാട് പഞ്ചായത്തില്‍ നടന്ന പഞ്ചായത്ത് യോഗത്തില്‍ നിന്നുമാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്. അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍, വര്‍ക്കര്‍ എന്നിവരെ തിരഞ്ഞെടുക്കുന്ന അഞ്ചംഗ കമ്മിറ്റിയിലാണ് മുഴുവന്‍ പേരെയും ഇടതുപക്ഷ അനുകൂലികളെ തീരുമാനിച്ചത്. മുന്‍ കാലങ്ങളില്‍ ഇത്തരം കമ്മിറ്റികളില്‍ പഞ്ചായത്ത് ഭരണസമിതിയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദേശിക്കുന്നവരെ ഉള്‍പ്പെടുത്താറുണ്ടെന്നും ഇപ്പോഴത്തെ തീരുമാനം അര്‍ഹതയില്ലാത്ത പാര്‍ട്ടി അനുഭാവികളെ തിരുകികയറ്റുന്നതിനു മാത്രമാണെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ തോമസ് തൊകലത്ത് ആരോപിച്ചു. ഈ ഭരണസമിതി വന്നതിനുശേഷമുള്ള എല്ലാ താല്‍ക്കാലിക നിയമനങ്ങളും പ്രസിഡന്റിന്റെ ഇഷ്ടക്കാര്‍ക്കു മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും ഇതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മുന്‍ ഭരണസമിതികളില്‍ നിന്നും വ്യത്യസ്തമായി പഞ്ചായത്തില്‍ നടക്കുന്ന പരിപാടികളില്‍ നിന്നും കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിവാക്കുന്നത് പതിവാണെന്നും ഇനിയും അത് തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കുമെന്നും ഇറങ്ങിപ്പോക്ക് നടത്തിയതിനു ശേഷം കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു. പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവ്യര്‍ ആളൂക്കാരന്‍, കെ. വൃന്ദകുമാരി, ജിനി സതീശന്, നിത അര്ജുനന് എന്നിവര്‍ പ്രസംഗിച്ചു.