ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന; നാല് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
ഇരിങ്ങാലക്കുട: പട്ടണത്തിലെ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് നഗരസഭ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടിച്ചെടുത്തു. നാല് ദിവസങ്ങളിലായി പട്ടണത്തിലെ വിവിധ കേന്ദ്രങ്ങളിലായി ആയിരങ്ങള്‍ പങ്കെടുക്കുന്ന റവന്യു സ്കൂള്‍ കലോത്സവം നടക്കുന്ന പശ്ചാത്തലത്തിലാണ് ഒന്‍പത് സ്ഥാപനങ്ങളില്‍ ആരോഗ്യ വിഭാഗം മിന്നല്‍ പരിശോധന നടത്തിയത്. ഠാണാവില്‍ ഉള്ള കീര്‍ത്തി ഹോട്ടല്‍, കാട്ടൂര്‍ റോഡിലുള്ള കഫേ ഡിലൈറ്റ്, സുലൈമാനി എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ സാമ്പാറ്, ചിക്കന്‍ കറി, കപ്പ, മീന്‍ കറി, ചിക്കന്‍ ഫ്രൈ, ബീഫ്, ബിരിയാണി ച്ചോറ്, പൊറോട്ട മാവ് എന്നിവ പിടിച്ചെടുത്തത്. ഇവരില്‍ നിന്ന് പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.ജി. അനില്‍, ഉദ്യോഗസ്ഥരായ ടി. അനൂപ്കുമാര്‍, സി.ജി. അജു, പി.വി. സൂരജ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്നും ഭക്ഷ്യസുരക്ഷ പാലിക്കാന്‍ ഏവരും ജാഗ്രത പാലിക്കണമെന്നും പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെയും കാനകളില്‍ മലിന ജലം ഒഴുക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെതിരെയും പരിശോധനകള്‍ നടത്തുമെന്നും കലോത്സവ ദിനങ്ങളില്‍ പ്രത്യേക നൈറ്റ് സ്ക്വാഡ് പ്രവര്‍ത്തിക്കുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.