സ്വര്ണകപ്പിന് ഉജ്വല വരവേല്‍പ്പ്, സ്വര്‍ണകപ്പ് ഇനി മൂന്നു നാള് ഇരിങ്ങാലക്കുട ട്രഷറിയില്‍
ഇരിങ്ങാലക്കുട: ജില്ലാ സ്കൂള്‍ കലോത്സവം ചാമ്പ്യന്മാരാകുന്ന ഉപജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പിന് വരവേല്പു നല്കി. കലോത്സവ വിജയിയായ ഉപജില്ലക്കു സമ്മാനിക്കാനായി ഇന്നലെ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുവന്ന സ്വര്‍ണകപ്പ് ഇനി മൂന്നു നാള് ഇരിങ്ങാലക്കുട ട്രഷറിയില്‍ സൂക്ഷിക്കും. 117.5 ഗ്രാം തൂക്കമുള്ളതാണ് ഈ സ്വര്‍ണ കപ്പ്. സംസ്ഥാനത്ത് തൃശൂര്‍ ജില്ലയില്‍ മാത്രമാണ് റവന്യു കലോത്സവ വിജയിയായ ഉപജില്ലക്ക് സ്വര്‍ണ്ണകപ്പ് നല്‍കുന്നത്. വിവിധ സ്കൂളുകള്‍ നല്കിയ സ്വീകരണങ്ങള്‍ക്കു ശേഷം ഘോഷയാത്രയോടെ കലോത്സവത്തിന്റെ പ്രധാന വേദിയായ ടൗണ്‍ ഹാളിലെത്തിച്ച സ്വര്‍ണകപ്പാണ് ട്രഷറിയില്‍ സൂക്ഷിക്കുന്നത്. രാവിലെ തൃശൂര്‍ അയ്യന്തോളില്‍ നിന്നും സ്വര്‍ണ കപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റര്‍, ഡിഡി ടി.വി. മദനമോഹനന്‍, ട്രോഫി കമ്മറ്റി ചെയര്മാന് സിജു യോഹന്നാന് എന്നിവര്‍ ഏറ്റുവാങ്ങി.