കാര്‍ഷിക മേഖലയും സംരംഭകത്വവും സഹകരണ മേഖലയുടെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ഗായത്രി ഹാളില്‍ സെമിനാര്‍
ഇരിങ്ങാലക്കുട: ആഗോളവല്ക്കരണത്തിനെതിരായ കേരളീയബദലായ സഹകരണമേഖലയെ തകര്‍ക്കാനാണ് കേന്ദ്രവും ആര്‍എസ്എസും ശ്രമിക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്. തൃശൂരില്‍ ഡിസംബര്‍ 13 മുതല്‍ 16 വരെ നടക്കുന്ന അഖിലേന്ത്യാ കിസാന്‍ സഭ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി കാര്‍ഷിക മേഖലയും സംരംഭകത്വവും സഹകരണ മേഖലയുടെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ഗായത്രി ഹാളില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന കാര്‍ഷിക പ്രതിസന്ധിയുടെ വലിയ ആഘാതം നേരിടുന്ന സംസ്ഥാനമായി കേരളം മാറി. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിഞ്ഞ് കഴിഞ്ഞു. കര്‍ഷകര്‍ തകര്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ ഗ്രാമീണ മേഖല രൂക്ഷമായ തൊഴിലില്ലായ്മയുടെ പിടിയിലാണ്. തകര്‍ന്ന മനുഷ്യരുടെ തലയിലേക്ക് തീവ്ര വര്‍ഗീയത കയറ്റി വയ്ക്കാനാണ് ബിജെപി ശ്രമിച്ച് കൊണ്ടിരിക്കുന്നത്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതടക്കമുള്ള നവീകരണ നടപടികള്‍ കാര്‍ഷിക മേഖലയില്‍ ഉണ്ടാകേണ്ടതുണ്ട്. പാവപ്പെട്ടവന്റെ ബദലായ സഹകരണമേഖലക്ക് ഇക്കാര്യത്തില്‍ ഗണ്യമായ പങ്കാണ് വഹിക്കാനുള്ളത്. അതീവ ജാഗ്രതയോടെ സഹകരണ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ട് പോകേണ്ടതുണ്ടെന്നും സിപിഎം നേതാവ് പറഞ്ഞു. എരിയ സംഘാടകസമിതി ചെയര്മാന് വി.എ. മനോജ്കുമാര്‍ അധ്യക്ഷനായിരുന്നു. കേരള ബാങ്ക് വൈസ് ചെയര്മാന് എം.കെ. കണ്ണന്, കെസിഇയു സംസ്ഥാന സെക്രട്ടറി കെ. ബി. ജയപ്രകാശ്, മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന്‍മാസ്റ്റര്‍, ടി. നരേന്ദ്രന്, കെ.പി. ദിവാകരന് മാസ്റ്റര്‍, അഡ്വ. കെ.ആര്. വിജയ, ടി.എസ്. സജീവന്മാസ്റ്റര്, ടി.ജി. ശങ്കരനാരായണന്, ജോസ് ജെ. ചിറ്റിലപ്പിള്ളി, ലത ചന്ദ്രന്, യു. പ്രദീപ് മേനോന്, വിജയലക്ഷ്മി വിനയചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.