ആധാരത്തിന്റെ പകര്‍പ്പ് കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂര്‍ ബാങ്ക് അധികൃതര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം
ഇരിങ്ങാലക്കുട: ജപ്തിയിലായ വീടിന്റെ ആധാരത്തിന്റെ പകര്‍പ്പ് കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂര്‍ ബാങ്ക് അധികൃതര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം. മാടായിക്കോണം കുറുപ്പം റോഡില്‍ കളരിക്കപറമ്പില്‍ വീട്ടില്‍ ശ്രീജേഷിനാണ് (43) ബാങ്ക് അധികൃതര്‍ ആധാരത്തിന്റെ പകര്‍പ്പ് നിഷേധിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടും സ്ഥലവും പണയം വച്ച് ശ്രീജേഷിന്റെ പിതാവ് പതിമൂന്ന് ലക്ഷം രൂപ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിരുന്നു. ലോണ്‍ തിരിച്ചടക്കാഞ്ഞതിനെ തുടര്‍ന്ന് 24 ലക്ഷത്തിന്റെ ബാധ്യത കാണിച്ച് ബാങ്ക് അധികൃതര്‍ ജപ്തി നടപടികള്‍ ആരംഭിച്ചിരുന്നു. വീടും സ്ഥലവും വില്ക്കാന് വേണ്ടി ആധാരത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബാങ്കില്‍ ചെന്ന ശ്രീജേഷിനോട് ചൊവ്വാഴ്ച വരാന്‍ ബാങ്ക് അധികൃതര്‍ നിര്‍ദേശിച്ചു. രാവിലെ പത്തു മണിയോടെ എത്തിയ തന്നോട് മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം ആധാരത്തിന്റെ പകര്‍പ്പ് തരാന്‍ കഴിയില്ലെന്നും സെയില്‍ ഓഫീസറാണ് നല്‍കേണ്ടതെന്നും അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞതായി ശ്രീജേഷ് പറഞ്ഞു. ഇതേ ചൊല്ലി ഇരുകൂട്ടരുമായി തര്‍ക്കമായതിനെ തുടര്‍ന്ന് എസ്ഐ അനീഷിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം ശ്രീജേഷിനെയും പിന്തുണയുമായി എത്തിയ ബിജെപി പ്രവര്‍ത്തകരെയും അനുനയിപ്പിച്ച് വിടുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ ആധാരത്തിന്റെ പകര്‍പ്പ് നല്‍കിയില്ലെങ്കില്‍ ബാങ്കിലേക്ക് മാര്‍ച്ച് നടത്തുന്നത് ഉള്‍പ്പെടെയുള്ള സമരപരിപാടികളിലേക്ക് കടക്കുമെന്ന് ബിജെപി നേതാവ് ടി.കെ. ഷാജുട്ടന്‍ അറിയിച്ചു.