കല്ലേറ്റുംകര വില്ലേജ് ഓഫീസും ഇനി സ്മാര്‍ട്ട്
കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിച്ചത് റീബില്‍ഡ് കേരള പദ്ധതിയില്‍ നിന്നുള്ള 44 ലക്ഷം ചിലവഴിച്ച്
ഇരിങ്ങാലക്കുട: പുറമ്പോക്ക് ഭൂമിയില്‍ കുടിയേറി താമസിക്കുന്ന അര്‍ഹരായ മുഴുവന്‍ ആളുകളെയും ഭൂമിയുടെ അവകാശികളാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്. പുറമ്പോക്ക് ഭൂമിക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണം, ജലവകുപ്പ്, പൊതുമരാമത്ത്, വനം, ഇലക്ട്രിസിറ്റി തുടങ്ങി വകുപ്പുകളുമായി മൂന്നാം ഘട്ട ചര്‍ച്ച അടുത്ത വര്‍ഷം ജനുവരിയില്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. കല്ലേറ്റുംകര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളൂര്‍ പഞ്ചായത്ത് ഓഫീസിനടുത്തുള്ള കുടുംബശ്രീ ഹാളില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയുടെ എംഎല്‍എ ഫണ്ടില്‍ നിന്ന് തുക വകയിരുത്തിയാണ് വില്ലേജ് ഓഫീസിലേക്കുളള ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയത്. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്. ആളൂര്‍ പഞ്ചായത്തിലെ 17ാം വാര്‍ഡായ കല്ലേറ്റുംകരയിലെ 15 സെന്റ് സ്ഥലത്ത് കാലപ്പഴക്കം വന്ന പഴയ കെട്ടിടം പൊളിച്ചാണ് പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്. 1360 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ വില്ലേജ് ഓഫീസര്‍ റൂം, ഓഫീസ് ഹാള്‍, ഡൈനിംഗ്, സ്റ്റോറേജ് റൂം, ജീവനക്കാര്‍ക്കുള്ള ശുചിമുറി, പൊതു ടോയ്ലറ്റ്, അംഗപരിമിതര്‍ക്കായി പ്രത്യേക ടോയ്ലറ്റ്, റാമ്പ് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങില്‍ ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ വില്ലേജ് ഓഫീസര്‍ എ.എസ്. ദീപയ്ക്ക് കെട്ടിടത്തിന്റെ താക്കോല്‍ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.