ആളൂര്‍ പഞ്ചായത്ത് സമ്പൂര്‍ണ ജലസാക്ഷരതയിലേക്ക്
ആളൂര്‍: എല്ലാ വിദ്യാഥികള്‍ക്കും നീന്തല്‍ പരിശീലനം നടപ്പാക്കുന്നതിന് വേണ്ടി പഞ്ചായത്തിലെ കുഴിക്കാട്ടുശേരി മൂത്തേടത്ത് മഷികുളത്തിലും, കല്ലേറ്റുംകര ഫീഡ്സിന് സമീപമുള്ള പന്തലിച്ചിറയിലും പരിശീലനം ആരംഭിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രതി സുരേഷ് അധ്യക്ഷത വഹിച്ചു. സറ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി തിലകന്, മിനി പോളി, ഓമന ജോര്‍ജ്, പി.സി. ഷണ്മുഖന്, ജിഷ ബാബു, കെ.ബി. സുനില്‍, ഷൈനി വര്‍ഗീസ്, രേഖ സന്തോഷ്, കെ.വി. രാജു എന്നീ ജനപ്രതിനിധികള്‍ പങ്കെടുത്തു. സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട സംരംഭമാണ് പഞ്ചായത്ത് നടപ്പാക്കുന്നത്. നീന്തല്‍ പരിശീലന രംഗത്ത് കുട്ടികളെ നിലയില്ലാത്ത വെള്ളത്തില്‍ പരിശീലിപ്പിക്കുന്ന 20ല്‍ ഏറേ വര്‍ഷത്തെ പരിചയമുള്ള ഹരിലാലിന്റെ നേതൃത്വത്തിലുള്ള ഏഴ് അംഗ ടീം ആണ്. രാവിലെ 6.30 മുതല്‍ 7.30 വരെയും പന്തലിച്ചിറയിലും വൈകീട്ട് 3.30 മുതല്‍ അഞ്ച് വരെ മഷികുളത്തിലുമായി പരിശീലനം നടന്നു വരുന്നു. നിലയില്ലാക്കയങ്ങളില്‍ ആരും മുങ്ങിത്താഴരുത് എന്ന ലക്ഷ്യത്തോടെ നടത്തുന്ന പദ്ധതിയില്‍ പഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ നിന്നുമുള്ള 400 വിദ്യാര്‍ഥികള്‍ക്കാണ് ആദ്യ പരിശീലനം നല്‍കുന്നത്.