തൊഴില്‍ സുരക്ഷയ്ക്ക് ഫെസിലിറ്റേഷന്‍ സെന്ററുമായി വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്;
ഒന്നാം ഘട്ടത്തില്‍ ചിലവഴിക്കുന്നത് ഒന്നേമുക്കാല്‍ കോടി രൂപ
ഇരിങ്ങാലക്കുട: അഭ്യസ്തവിദ്യരായ യുവാക്കള്‍ക്കും സംരംഭകര്‍ക്കും തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് ഫെസിലിറ്റേഷന്‍ സെന്ററുമായി വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന വൈബ്സ് എന്ന ഫെസിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. വെള്ളാങ്കല്ലൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബാക്ക്ബോണ്‍ ഫോര്‍ എന്റര്‍പ്രണേഴ്സ് ആന്‍ഡ് സ്റ്റാര്‍ട്ടപ്പ്സ് എന്നതാണ് വൈബ്സിന്റെ പൂര്‍ണരൂപം. സംരംഭകര്‍ക്കും തൊഴിലന്വേഷകര്‍ക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരു കുടക്കീഴില് ഒരുക്കുക എന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. കോവിഡാനന്തര ലോകം അനുഭവിക്കുന്ന തൊഴില്‍ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന നിലയില്‍ കേരളം മുന്നോട്ടുവയ്ക്കുന്ന നിരവധി പരിപാടികളുടെ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും സംയുക്തമായാണ് വൈബ്സ് തൊഴില്‍ കേന്ദ്രം ആരംഭിക്കുന്നത്. ജില്ലാ പഞ്ചായത്ത് 57 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് 93 ലക്ഷവും ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകള്‍ എല്ലാം കൂടി 30 ലക്ഷവും ആദ്യഘട്ടത്തില്‍ പദ്ധതിക്കായി നീക്കി വച്ചിട്ടുണ്ട്. 7000ത്തോളം സ്ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടമാണ് ആദ്യഘട്ടത്തില്‍ ഫെസിലിറ്റേഷന്‍ സെന്ററിനായി ഒരുക്കുന്നത്. 21000 സ്ക്വയര്‍ ഫീറ്റ് വിപുലീകരണ സാധ്യതയോടെയാണ് കെട്ടിടം നിര്‍മ്മിക്കുക. മാര്‍ച്ചിന് മുന്‍പ് ഒന്നാംഘട്ടം പൂര്‍ത്തിയാക്കും. ചടങ്ങില്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ടി. ബാബു പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ രമാ രാഘവന്, സുരേഷ് അമ്മനത്ത്, മറ്റു ബ്ലോക്ക് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.