വാട്ടര്‍ സ്പോര്‍ട്സ് സ്കൂളാകാന്‍ ഒരുങ്ങി കരൂപ്പടന്ന ജെ ആന്‍ഡ് ജെ
കരൂപ്പടന്ന: വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ ലക്ഷ്യമിട്ട് വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ കരൂപ്പടന്നയില്‍ വാട്ടര്‍ സ്പോര്‍ട്സ് സ്കൂള്‍ ഒരുങ്ങുന്നു. 27 വര്‍ഷമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജെ ആന്‍ഡ് ജെ സിബിഎസ്ഇ സ്കൂളാണ് വാട്ടര്‍ സ്പോര്‍ട്സ് സ്കൂള്‍ പ്രഖ്യാപനത്തിനൊരുങ്ങുന്നത്. വൈവിധ്യവും ശാസ്ത്രീയവുമായ വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കിയാണ് വാട്ടര്‍ സ്പോര്‍ട്സ് എന്ന ആശയം സ്കൂളില്‍ നടപ്പാക്കുന്നത്. നേരത്തെ ടൈംടേബിളിന്റെ ഭാഗമായിതന്നെ നീന്തല്‍ പരിശീലനം കുട്ടികള്‍ക്കായി നല്‍കിയിരുന്നു. കുട്ടികളിലെ സാഹസിക മനോഭാവം, നിരീക്ഷണ മനോഭാവം, പ്രശ്നപരിഹാരം തുടങ്ങിയ നിരവധി ഘടകങ്ങളുടെ വളര്‍ച്ചയ്ക്ക് ഇത്തരം പരിശീലനങ്ങള്‍ സഹായകമാകുന്നുണ്ടെന്ന് സ്കൂള്‍ ചെയര്മാന് വീരാന്‍ പി. സെയ്ത് പറഞ്ഞു. തിങ്കളാഴ്ച ജില്ലാ ഡിവിഷണല്‍ മജിസ്ട്രേറ്റ് സ്കൂളിനെ വാട്ടര്‍ സ്പോര്‍ട്സ് സ്കൂളായി പ്രഖ്യാപിക്കും. ഓള് കേരള സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഇബ്രാഹിം ഖാന് അധ്യക്ഷനാകും.