പൊതുതോടുകളിലേക്ക് മാലിന്യം തള്ളുന്നതായി ആക്ഷേപം, പരിശോധന കര്‍ശനമാക്കണമെന്ന് നാട്ടുകാർ
ഇരിങ്ങാലക്കുട: പൊതു തോടുകളിലേക്ക് മാലിന്യം തള്ളുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസം ഉത്തരത്തില്‍ മാലിന്യം തള്ളിയിരുന്ന ഹോട്ടലിനെതിരെ നഗരസഭയിലെ ആരോഗ്യ വകുപ്പ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു. കുട്ടംകുളത്തിനു സമീപമുള്ള വെജിറ്റേറിയന്‍ ഹോട്ടലാണ് ഇതു സംബന്ധിച്ച് അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്. മാലിന്യ ശുചീകരണ പ്ലാന്റ് സ്ഥാപിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ശുചീകരണപ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും ഇതു സംബന്ധിച്ച് കമ്പനിയുമായി ധാരണയിലെത്തിയതിന്റെ പകര്‍പ്പ് നഗരസഭക്ക് നല്‍കിയതോടെയാണ് ഹോട്ടല്‍ താത്കാലികമായി തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയത്. ടൗണിന്റെ വിവിധ ഭാഗങ്ങളിലുള്ള തോടുകളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നത് നഗരവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഓടകളിലേക്ക് ഹോട്ടലുകളില്‍ നിന്നും മാലിന്യങ്ങള്‍ തള്ളുന്ന പൈപ്പുകള്‍ അടക്കുവാന്‍ പോലും പലയിടത്തും ഇതു വരെയും സാധിച്ചീട്ടില്ല. പല ഹോട്ടലുകളും പുലര്‍ച്ചെയോടെയാണ് മലിന ജലം തോടുകളിലേക്ക് ഒഴുക്കി വിടുന്നത്. ഈ സമയം അസഹനീയ ദുര്‍ഗന്ധമാണ് ഉണ്ടാകുന്നത്. മാലിന്യം കുമിഞ്ഞുകൂടി കുപ്പത്തൊട്ടിയായി മാറിയ സ്ഥിതിയാണ് ടൗണിലെ കാനകളില്‍ പലയിടത്തും. മാലിന്യവും അഴുക്കു വെള്ളും പുറത്തേക്കു വിടാതെ അവ നിക്ഷേപിക്കുന്നതിനുള്ള സംവിധാനം പല ഹോട്ടലുകളും ഒരുക്കിയിരുന്നു. മാലിന്യവും അഴുക്കു വെള്ളവും ഹോട്ടലിനു മുന്നിലുള്ള സിന്ററ്റിക്സ് ടാങ്കില്‍ നിക്ഷേപിച്ച് രാത്രി ഇവ ജനസവാസമല്ലാത്ത ദൂര സ്ഥലങ്ങളില്‍ കൊണ്ടു വന്നു തള്ളുകയാണ് ആദ്യം ചെയ്തത്. പിന്നീട് സിന്റക്സില് സംഭരിച്ച മാലിന്യം രാത്രി സമയത്ത് തൊട്ടടുത്ത കാനയിലേക്ക് ഒഴുക്കി വിടുകയാണ് ഉണ്ടായത്. എന്നാല്‍ മലിന ജലം ഒഴുകുന്ന പൈപ്പ് നേരിട്ട് മുഴുവന്‍ സമയവും പൊതു തോട്ടിലേക്ക് നിക്ഷേപിക്കുന്ന അവസ്ഥയാണ് പലയിടത്തും. കുറച്ചുനാള്‍ മുമ്പ് ശുചിമുറിമാലിന്യം ഒഴുക്കിവിട്ട മെയിന്‍ റോഡിലെ ഹോട്ടലിനെതിയെും നഗരസഭയിലെ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചിരുന്നു. പൊതുതോടുകളിലേക്ക് മാലിന്യം തള്ളുന്ന ഹോട്ടലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പ്രോസിക്യൂഷന് നടപടി ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാന് ഉത്തരവുണ്ട്. ഇത്തരം ഉത്തരവുകള്‍ ലംഘിച്ചാണ് പല സ്ഥാപനങ്ങളും പൊതുതോട്ടിലേക്ക് മാലിന്യം തള്ളുന്നത്. തോടുകള്‍ക്കു മുകളിലെ സ്ലാബുകള്‍ മാറ്റ് തോടുകളിലെ മാലിന്യവും മണ്ണും നീക്കിയെല്ലെങ്കില് പെട്ടെന്നൊരു മഴപെയ്താല്‍ നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ പരിശോധന നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.