ചിരിമഴ പെയ്തൊഴിഞ്ഞു; മലയാളത്തിന്റെ ഹാസ്യ ഇതിഹാസം വിടവാങ്ങി
ചലച്ചിത്രതാരവും മുന്‍ ലോകസഭാംഗവുമായ ഇന്നസെന്റ് അന്തരിച്ചു
സംസ്കാരം തിങ്കളാഴ്ച വൈകീട്ട് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍
ഇരിങ്ങാലക്കുട: ചലച്ചിത്ര രംഗത്തെ ഹാസ്യസാമ്രാട്ട് ഇന്നസെന്റ് (75) അന്തരിച്ചു. മുന്‍ ചാലക്കുടി ലോകസഭാംഗവും ചലച്ചിത്ര താരസംഘടനയുടെ ദീര്‍ഘകാലത്തെ പ്രസിഡന്റുമായിരുന്നു ഇന്നസെന്റ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് രണ്ടാഴ് മുമ്പാണ് എറണാകുളം ലേക്ഷോര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു തവണ കാന്‍സര്‍ രോഗം പിടിപെട്ടിരുന്നു. ഇതിനിടയില്‍ കോവിഡും ബാധിച്ചിരുന്നു. ന്യുമോണിയ ബാധിതനായതിനെ തുടര്‍ന്ന് 60 ദിവസം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. പിന്നീട് അസുഖം ഭേദമായി വീട്ടിലെത്തി വിശ്രമിക്കുന്നതിനിടയിലാണ് കുറച്ച് ദിവസം മുമ്പ് രോഗം മൂര്‍ഛിച്ചത്. 1948 ഫെബ്രുവരി 28 ന് തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയില്‍ ജനിച്ചു. ലിറ്റില്‍ ഫഌര്‍ കോണ്‍വെന്റ് ഹൈസ്കൂള്‍, നാഷണല്‍ ഹൈസ്കൂള്‍, ഡോണ്‍ബോസ്കോ സ്കൂള്‍, എസ്എന്‍ സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. എട്ടാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തി. ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകന് മോഹന്‍ മുഖേനയാണ് സിനിമാരംഗത്തു വരുന്നത്. 1972ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യചിത്രം. നിര്‍മാതാവ് എന്ന നിലയില്‍ സിനിമയില്‍ എത്തി. പില്ക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയുമുള്ള സംഭാഷണവും ഇന്നസെന്റിനെ വൈകാതെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി മാറ്റി. ഗജകേസരിയോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടര്‍ പശുപതി, മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. 2009 ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഇന്നസെന്റിന് ലഭിച്ചു. കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 12 വര്‍ഷം ചലച്ചിത്ര താരസംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്നു. 2014 മേയില്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ചാലക്കുടി ലോകസഭാമണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. 1976 സെപ്റ്റംബര്‍ 6 ന് ആയിരുന്നു ഇന്നസെന്റിന്റെ വിവാഹം. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും. ഭാര്യആലീസ് (നെല്ലായി കാളന് കുടുംബാംഗം) മകന് സോണറ്റ്. മരുമകള്രശ്മി (മാള ആത്തപ്പിള്ളി കുടുംബാംഗം) ചെറുമക്കള്ഇന്നസെന്റ് സോണറ്റ്, അന്ന സോണറ്റ്. (ഇരുവരും പ്ലസ്ടു വിദ്യാര്‍ഥികള്‍, ഭാരതീയ വിദ്യാഭവന് നടവരമ്പ്). സഹോദരങ്ങള്‍ പരേതയായ സെലീന തങ്കപ്പന് താണ്ടിയേക്കല്‍ (കല്ലേറ്റുംകര), ഡോ. കുര്യാക്കോസ് ( അമേരിക്ക), പരേതയായ പൗളിന് സണ്ണി അമ്പൂക്കന്( പുത്തന്‍ചിറ), പരേതനായ സെന്റ്സ്ലാവോസ്( അമേരിക്ക), അഡ്വ. വെല്‍സ് ( സൗത്ത് ആഫ്രിക്ക), ലിന്റ (മേലൂര്‍), ലീന ഡേവീസ് മാളിയേക്കല്‍ (ഇരിങ്ങാലക്കുട)