ആളൂരിലെ വടിയന്‍ ചിറകെട്ടി; വറ്റിയ കിണറുകളില്‍ ജലസമൃദ്ധി, ആശങ്കയോടെ കര്‍ഷകര്‍
ഇരിങ്ങാലക്കുട: ആളൂര്‍ പഞ്ചായത്തിലെ 18, 22 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന മാനാട്ടുകുന്ന് ആളൂര്‍, താഴെക്കാട് പ്രദേശങ്ങളില്‍ 100 ഏക്കര്‍ വിസ്തൃതിയില്‍ കിടക്കുന്ന പ്രദേശമാണു മാനാട്ടുകുന്ന് വടിയന്‍ചിറ. നൂറ്റാണ്ടുകളുടെ പഴക്കമുള്ള വടിയന്‍ചിറ കഴിഞ്ഞ ദിവസം കെട്ടിയതോടെ ജലനിരപ്പ് ഉയരുകയായിരുന്നു. ഇതോടെ ഈ പ്രദേശത്തെ കര്‍ഷകരുടെ ആശങ്കയും ഉയര്‍ന്നു. ഹൈക്കോടതി വിധി ലംഘിച്ചാണ് തടയണ കെട്ടിയതെന്നും ഇപ്പോള്‍ ചിറക്കെട്ടുന്നതിന് യാതൊരു വിധ ഉത്തരവും നിലവിലില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. തുമ്പൂര്‍മുഴി വലതുകര കനാല്‍ കമ്മീഷന് ചെയ്തതിനു ശേഷം ജലസമൃദ്ധിയുണ്ടായപ്പോഴാണു ഇവിടെ തടയണ കെട്ടുന്നതു അവസാനിപ്പിച്ചിരുന്നതെന്നാണു പ്രദേശവാസികള്‍ പറയുന്നത്. അരനൂറ്റാണ്ടിനു മുമ്പ് മുതല്‍ ഇവിടെ വേനലില്‍ ചിറ കെട്ടിയിരുന്നു. 75 വര്‍ഷം മുമ്പ് നിര്‍മിച്ച ചീപ്പ് ഇപ്പോഴുമുണ്ട്. എന്നാല്‍ ഇടയ്ക്ക് 20 വര്‍ഷത്തോളം ചിറകെട്ടിയിരുന്നില്ല. പിന്നീട് ജലക്ഷാമം രൂക്ഷമായതോടെ 2015 മുതല്‍ നാട്ടുകാര്‍ ചിറകെട്ടാന്‍ തുടങ്ങി. കന്നിമാസത്തില് കെട്ടി മേടമാസത്തില്‍ തുറക്കുന്ന രീതിയിലാണു തടയണകെട്ടി ക്രമീകരിച്ചിരുന്നത്. അക്കാലത്ത് തുലാവര്‍ഷത്തില്‍ പെയ്യുന്ന മഴയായിരുന്നു ചിറ നിറക്കുന്നതിനു ഉപയോഗിച്ചിരുന്നത്. കനാല്‍ വെള്ളം വന്നകാലത്ത് ആഴ്ചയില്‍ അഞ്ചോളം ദിവസങ്ങളില്‍ കനാലില്‍ വെള്ളം സമൃദ്ധമായി കിട്ടിയിരുന്നു. എന്നാല്‍ ഒരു ദിവസം പോലും വെള്ളം ആളൂരിലെ കനാലുകളില്‍ കിട്ടുന്നില്ല എന്നതാണു ഇപ്പോഴത്തെ അവസ്ഥ. ചിറയില്‍ വെള്ളം നിറഞ്ഞു നിന്നാല്‍ മാത്രമേ മാനാട്ടുകുന്ന് കോളനി അടക്കമുള്ള ആളൂര്‍ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകളില്‍ വേനലില്‍ ജലലഭ്യത ഉണ്ടാകൂ. എന്നാല്‍ തടയണ കെട്ടുന്നതു മൂലം വെള്ളക്കെട്ടില്‍ കൃഷിനാശം സംഭവിക്കുകയാണെന്നാണു കര്‍ഷകരുടെ പരാതി. വേനലില്‍ വെള്ളക്കെട്ടില്‍ കൃഷിനാശം സംഭവിക്കുന്ന പ്രദേശമാണു അയ്യന്പട്ക എന്നാണു കര്‍ഷകര്‍ പറയുന്നത്. ചിറകെട്ടുന്നതോടെ അറുപതോളം വരുന്ന സ്വകാര്യവ്യക്തികളുടെ പറമ്പുകളില്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്. ഇതുമൂലം കൃഷിനാശം സംഭവിച്ചിരിക്കുകയാണ്. പാവല്‍, പടവലം, പയര്‍, ചീര തുടങ്ങി പച്ചക്കറി കൃഷികളും നശിക്കുകയാണ്. വാഴ, തെങ്ങ്, കവുങ്ങ്, ജാതി എന്നിവയെല്ലാം നശിക്കുകയാണ്. ഇതാണു കര്‍ഷകര്‍ തടയണ കെട്ടുന്നതിനെ എതിര്‍ക്കുന്നത്.
കര്‍ഷകരുടെ ആശങ്ക
കൃഷിനാശ ഭീഷണിയുള്ളത്-50 ഏക്കര്‍
കൃഷി ചെയ്തു വന്നിരുന്നത്- കൊള്ളി, വാഴ, കവുങ്ങ്, ജാതി എന്നിവ
അഞ്ച് വര്‍ഷം ചിറ കെട്ടിയപ്പോള്‍ വന്‍ കൃഷിനാശം; 40 ലക്ഷം രൂപയുടെ കൃഷി നാശം സംഭവിച്ചു.
കൃഷി നശിച്ചത് വടിയന്‍ചിറ മുതല്‍ തൊമ്മാന വരെ
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം പോലും നല്കാന് സര്‍ക്കാര്‍ തയ്യാറായില്ല.
കോടതി വിധിയും അട്ടിമറിച്ചു- കര്‍ഷകര്‍
കൃഷി ഭൂമിയില്‍ വെള്ളം കെട്ടിനില്ക്കുന്നതുവഴി കൃഷിനാശം സംഭവിക്കുന്ന സാഹചര്യം സൃഷ്ടിക്കരുതെന്ന് കോടതി വിധിയില്‍ ഉണ്ട്. എന്നാല്‍ കര്‍ഷകര്‍ക്ക് അനുകൂലമായി വന്ന ഈ വിധിപോലും സ്വാധീന ശക്തിയും ആള് ബലവും ഉപയോഗിച്ച് തകിടം മറിച്ചു. മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും നിവേദനം നല്‍കിയിട്ടും നിരാശയായിരുന്നു ഫലം. കളക്ടര്‍ക്കും ആര്ഡിഓക്കും പരാതി നല്കി. ഇവരാരും സ്ഥലം സന്ദര്‍ശിച്ചിരുന്നില്ല. ഒരു മീറ്റര്‍ ഉയരത്തില്‍ ചിറ കെട്ടുവാന്‍ പാടുള്ളൂവെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ല. അയ്യന്പട്ക മണല്‍ നിറഞ്ഞ ഭൂപ്രദേശമാണ്. വര്‍ഷംതോറും ചിറകെട്ടി വെള്ളക്കെട്ട് സൃഷ്ടിച്ച് കൃഷി നശിപ്പിക്കുകയും സ്ഥലം ഭൂമാഫിയക്ക് നിസാരവിലക്കി കൈക്കലാക്കി മണല്‍ ഖനനം ചെയ്യുകയാണ് ചിലരുടെ ലക്ഷ്യം. അയ്യന്പട്കയിലെ തണ്ണീര്‍ത്തടങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണം.
കുടിവെള്ളമാണ് മുഖ്യ പ്രശ്നം- വടിയന്‍ചിറ സംരക്ഷണ സമിതി
കുടിവെള്ളമാണ് മുഖ്യ പ്രശനം, അതിനായി ചിറകെട്ടി സംരക്ഷിക്കുവാന്‍ അനുവാദം ലഭിച്ചീട്ടുണ്ട്. ഭൂമാഫിയ സംഘങ്ങള്‍ സ്ഥലം വാങ്ങിയിട്ടുണ്ട്. ഇക്കൂട്ടര്‍ കുടിവെള്ള ക്ഷാമം വരുത്തി തീര്‍ക്കുകയാണ്. ചിറ കെട്ടിയില്ലെങ്കില്‍ വടിയന്ചിറയില് ഒഴുകിയെത്തുന്ന വെള്ളം ചെമ്മീന്‍ചാല്‍ വഴി കരുവന്നൂര്‍ പുഴയിലേക്കു പോകും. ചിറകെട്ടുന്നതോടെ ആളൂര്‍, വേളൂക്കര, മുരിയാട് പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമത്തിനു ഒരു പരിധിവരെ പരിഹാരമാവും.