ഇരിങ്ങാലക്കുടയില്‍ 536 തെരുവുനായ്ക്കള്‍ക്ക് വാക്സിനേഷന്
ഇരിങ്ങാലക്കുട: പേവിഷബാധയ്ക്കെതിരേ തെരുവുനായ്ക്കള്‍ക്ക് വാക്സിനേഷന് നടപടി പൂര്‍ത്തിയാക്കി ഇരിങ്ങാലക്കുട നഗരസഭ. 536 തെരുവുനായ്ക്കള്‍ക്കാണ് മൂന്നുഘട്ടങ്ങളിലായി വാക്സിനേഷന് നല്‍കിയത്. സംസ്ഥാന മൃഗസംരക്ഷണ വകുപ്പും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി 41 വാര്‍ഡുകളിലും വാക്സിനേഷന് പൂര്‍ത്തീകരിച്ചു. 2022 നവംബര്‍, 2023 ജനുവരി, മാര്‍ച്ച് മാസങ്ങളിലാണ് യജ്ഞം നടത്തിയത്. തെരുവുനായ്ക്കള്‍ കൂട്ടമായി കാണുന്ന ബ്ലാക്ക് സ്പോട്ടുകള്‍ കേന്ദ്രീകരിച്ചായിരുന്നു വാക്സിനേഷന്. നഗരസഭയില്‍ നായപിടിത്തക്കാരില്ലാത്തതിനാല് കോഴിക്കോടുനിന്നുള്ള ഷാര്‍പ്പ് സര്‍ട്ടിഫൈഡ് കാച്ചേഴ്സ് ടീമാണ് നായ്ക്കളെ പിടിക്കാനായി എത്തിയിരുന്നത്. നഗരസഭ വെറ്ററിനറി പോളിക്ലിനിക് സീനിയര്‍ വെറ്ററിനറി സര്ജന് പി. സതീഷ് കുമാര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ അമ്പിളി, മനോജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഐ.പി. പ്രസാദ്, സി.ജി. അജു, പ്രമോദ് കുമാര്‍, പി.വി. സൂരജ് എന്നിവര്‍ നേതൃത്വം നല്കി. കഴിഞ്ഞ നവംബറിലാണ് തെരുവുനായ്ക്കള്‍ക്ക് നഗരസഭ വാക്സിനേഷന് ആരംഭിച്ചത്.