പൊതുവിദ്യാഭ്യാസ രംഗത്തിന്റെ മുന്നേറ്റം കക്ഷിരാഷ്ട്രീയഭേദമന്യേ: മന്ത്രി സി. രവീന്ദ്രനാഥ്
ഇരിങ്ങാലക്കുട: പൊതുവിദ്യാഭ്യാസ രംഗത്തിന്റെ മുന്നേറ്റം കക്ഷി രാഷ്ട്രീയഭേദമന്യേയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. ഇരിങ്ങാലക്കുട നഗരസഭയില്‍ മാടായിക്കോണം പി.കെ. ചാത്തന്മാസ്റ്റര് മെമ്മോറിയല്‍ ഗവ. യുപി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഇടപെടലുകള്‍ക്കും പുറമെ എല്ലാ വിഭാഗം ജനങ്ങളുടെ ഇടപെടലുകള്‍ പൊതുവിദ്യാലയങ്ങളുടെ ശക്തി വര്‍ധിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 201718 പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപയുടെ ഭരണാനുമതിയോടെ പഴയ സ്കൂള്‍ കെട്ടിടം പൊളിച്ചുനീക്കിയാണു പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇരുനിലകളിലായി പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ എട്ടു ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു ഹാളും മൂന്നു ടോയ്ലറ്റുകളുമാണു നിര്‍മിച്ചിട്ടുള്ളത്. 6000 സ്ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തില്‍ ഇലക്ട്രിഫിക്കേഷന്, ടൈല്‍ വിരിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും സാധിച്ചിട്ടുണ്ട്. ഇതിനു പുറമെ നേരത്തേ അനുവദിച്ചിരുന്ന 15 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച ആര്‍ട്ട് ഗാലറി, കുട്ടികളുടെ പാര്‍ക്ക്, സയന്‍സ് പാര്‍ക്ക്, ലീഡിംഗ് പ്രീ പ്രൈമറി, ജൈവവൈവിധ്യ ഉദ്യാനം, സകലകല ടാലന്റ് ലാബ് എന്നിവയും സ്കൂളിന്റെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. പ്രഫ കെ.യു. അരുണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ് സുജേഷ് കണ്ണാട്ട് ഉപഹാര സമര്‍പ്പണം നടത്തി. ഇരിക്കാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിജു ലാസര്‍, നഗരസഭ കൗണ്‍സിലര്‍മാരായ പി.വി. പ്രജീഷ്, അംബിക പള്ളിപ്പുറത്ത്, പി.സി. മുരളീധരന്, രമേഷ് വാര്യര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.എ. മുഹമ്മദ് സിദ്ദീഖ്, ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇ. അബ്ദുള്‍ റസാഖ് എന്നിവര്‍ പ്രസംഗിച്ചു.