നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവിനെ അറസ്റ്റു ചെയ്തു
ഇരിങ്ങാലക്കുട: നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവിനെ 1.100 കി.ഗ്രാം കഞ്ചാവുമായി ഇരിങ്ങാലക്കുട എക്സൈസ് സംഘം അറസ്റ്റു ചെയ്തു.
ആനന്ദപ്പുരം തറയിലക്കാട് തേക്കിന്‍കാട് വീട്ടില്‍ അസ്കറിനെയാണ് (35) രണ്ടാഴ്ചക്കാലത്തെ നിരീക്ഷണത്തിനൊടുവില്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ എ.ബി പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷന്, മുരിയാട്, ആനന്ദപ്പുരം മേഖലകളിലെ പ്രധാന ലഹരി ശൃഖലയെയാണ് റേഞ്ചിലെ ഷാഡോ എക്സൈസ് പാര്‍ട്ടിയുടെ നിരന്തര നിരീക്ഷണ ഫലമായി അറസ്റ്റു ചെയ്തത്. അന്യ സംസ്ഥാന തൊഴിലാളികള്‍, റെയില്‍ പരിസരത്തെ യാത്രികര്‍ , നിര്‍മ്മാണ തൊഴിലാളികള്‍ എന്നിവര്‍ക്ക് 500 രൂപയുടെ പൊതിയായി വില്‍ക്കുകയാണ് ഈയാളുടെ രീതി. തൃശൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എസ് ഉണ്ണികൃഷ്ണന് നായര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തൃശൂര്‍ അസി.എക്സൈസ് കമ്മീഷണര്‍ ശ്രീകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഈ മേഖലയില്‍ ശക്തമായ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ച കാലത്തെ മൂന്നാമത്തെ ലഹരി വേട്ടയായിരുന്നു ഇത്. ഗുണ്ടാ സംഘാംഗമായ ഈയാള് കൊലപാതക വധശ്രമകേസുകളുള്പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. വരുംദിവസങ്ങളില്‍ ഈ മേഖലയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ജിജി പോള്‍ അറിയിച്ചു അന്വേഷണ സംഘത്തില്‍ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ജി അനൂപ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഫാബിന് പൗലോസ്, ഓഫീസര്‍മാരായ കെ.എസ് വിപിന്‍, കെ.എസ് ശ്യാമലത, മുഹമ്മദ് ഷാന്‍ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.