ടാങ്ക് നിർമിച്ചു കാത്തിരുന്നത് 13 വർഷം, മാരാംകുളം കുടിവെള്ള പദ്ധതി യാഥാർഥ്യമായി
പടിയൂർ: പഞ്ചായത്തിന്റെ തെക്കൻമേഖലയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി നിർമിച്ച മാരാംകുളം കുടിവെള്ളപദ്ധതി യാഥാർഥ്യമാകുന്നു. മാരാംകുളത്ത് നിരമിച്ച ഒരു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് നിർമിച്ച് ഒന്നര പതിറ്റാണ്ടോളം കാത്തിരുന്ന ശേഷമാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ജില്ലാ പഞ്ചായത്തിന്റെ 22 ലക്ഷം, ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷം, ഗ്രാമപ്പഞ്ചായത്തിന്റെ 14 ലക്ഷം എന്നിങ്ങനെ 41 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്. പടിയൂർ പഞ്ചായത്തിന്റെ തെക്കൻമേഖലകളായ കോങ്ങാടൻ തുരുത്ത്, മുഴുവഞ്ചേരി തുരുത്ത്, കെട്ടുചിറ, മതിലകം കടവ്, പണ്ടാരത്തറ, എന്നീ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരി ഹാരമുണ്ടാക്കാൻ 2005 2006 വാർഷിക പദ്ധതിയിലുൾപ്പടുത്തിയാണ് ജില്ലാ പഞ്ചായത്ത് മാരാംകുളത്തിന് സമീപം 15 ലക്ഷം രൂപ ചെലവഴിച്ച് ടാങ്ക് നിർമിച്ചത്. എന്നാൽ പദ്ധതി വൈകുന്നതിനെതിരെ 2012 ൽ അന്നത്തെ പഞ്ചായത്തംഗം സുനന്ദ ഉണ്ണികൃഷ്ണൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ പരാതി നല്കിയിരുന്നു. ഇതിനെ തുടർന്ന് കമ്മീഷൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെയും വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനീയറെയും വിളിച്ചു വരുത്തി അടിയന്തിരമായി പദ്ധതി പൂർത്തീകരിച്ച് കമ്മീഷനെ അറിയിക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ പദ്ധതി നടപ്പാകാത്തതിനെ തുടർന്ന് 2021 ൽ മുൻ പഞ്ചായത്തംഗം സി.എം. ഉണ്ണികൃഷ്ണൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്കും പരാതി നൽകിയിരുന്നു. പദ്ധതിക്കായി 2016 ൽ ജില്ലാ പഞ്ചായത്ത് വാട്ടർ അഥോറിറ്റിയിൽ 23 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്തിരുന്നു. എന്നാൽ പദ്ധതിക്കാവശ്യമായ റോഡ് കട്ടിംഗിന് പൊതുമരാമത്ത് വകുപ്പ് അനുവാദം നൽകാഞ്ഞതിനെത്തുടർന്ന് ജില്ലാ പഞ്ചായത്ത് തുക തിരിച്ചെടുത്തു. പിന്നീട് പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യപ്രകാരമാണ് ഈ വർഷം ആദ്യം ജില്ലാ പഞ്ചായത്തും തുക അനുവദിച്ച് പൈപ്പിടൽ അടക്കമുള്ള നടപടികൾ ആരംഭിച്ചത്. മാരാംകുളം പരിസരത്ത് നടന്ന ചടങ്ങിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയ്ഘോഷ് എന്നിവർ സന്നിഹിതരായിരുന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എ. ഷാജൻ നന്ദിയും പറഞ്ഞു.