ഗൃഹാതുരത്വം ഉണർത്തി ‘ആശാൻസ്മൃതി 2023’ ഇരിങ്ങാലക്കുടയിൽ ആചരിച്ചു
ഇരിങ്ങാലക്കുട: ഡോക്ടർ കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബിന്റെ സഹകരണത്തോടെ കലാമണ്ഡലം ഗംഗാധരൻ അനുസ്മരണസമിതി
‘ആശാൻസ്മൃതി 2023’ ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ ആചരിച്ചു. കലാമണ്ഡലം ഗംഗാധരൻ അനുസ്മരണസമിതിയുടെ സ്ഥാപക സെക്രട്ടറി എൻ. രാമദാസിനെ അനുസ്മരിച്ചുകൊണ്ട് കലാമണ്ഡലം ബാബു നമ്പൂതിരി സംസാരിച്ചു. തുടർന്നുനടന്ന കിർമ്മീരവധം കഥകളി ചൊല്ലിയാട്ടത്തിൽ ധർമ്മപുത്രരായി രഞ്ജിനി സുരേഷ്, ശ്രീകൃഷ്ണനായി ജയന്തി ദേവരാജ്, സുദർശനമായി ശരണ്യ പ്രേംദാസ് എന്നിവർ അരങ്ങത്ത് ചൊല്ലിയാടിയപ്പോൾ സംഗീതത്തിൽ ആരുണി മാടശ്ശേരിയും അദ്രിജ വർമ്മയും ചെണ്ടയിൽ രഹിത കൃഷ്ണദാസും മദ്ദളത്തിൽ കലാമണ്ഡലം വൈശാഖും പശ്ചാത്തലമൊരുക്കി. കോട്ടയ്ക്കൽ പി.ഡി. നമ്പൂതിരിയുടെ അധ്യക്ഷതയിൽ അനുസ്മരണസമ്മേളനം നടന്നു. പാലനാട് ദിവാകരൻ അനുസ്മരണപ്രഭാഷണവും അനിയൻ മംഗലശേരി ആശംസാപ്രസംഗവും നടത്തി. എൻ. രാമദാസ് മെമ്മോറിയൽ പ്രഥമ അവാർഡ് കഥകളി യുവഗായകൻ കലാമണ്ഡലം കൃഷ്ണകുമാർ ഏറ്റുവാങ്ങി. കലാമണ്ഡലം വിനോദ് സ്വാഗതവും സുനിൽ ഗോപാലകൃഷ്ണൻ കൃതജ്ഞതയും രേഖപ്പെടുത്തി. നളചരിതം രണ്ടാംദിവസം (ഉത്തരഭാഗം) കഥകളി അരങ്ങേറി. കലാമണ്ഡലം ഷണ്മുഖദാസ് ദമയന്തിയായും, മധു വാരണാസി സാർത്ഥവാഹകനായും, കലാമണ്ഡലം വിപിൻ ശങ്കർ രാജമാതാവായും, കലാമണ്ഡലം അരുൺ വാര്യർ സുദേവനായും, കലാനിലയം മനോജ് ഭീമരാജാവായും വേഷമിട്ടു. പിന്നീടുനടന്ന കിരാതം കഥകളിയിൽ നാട്യകേസരി കോട്ടയ്ക്കൽ കേശവൻ കുണ്ടലായർ അർജ്ജുനനായും ഡോക്ടർ സദനം കൃഷ്ണൻകുട്ടി കാട്ടാളനായും കലാമണ്ഡലം ഓയൂർ രാമചന്ദ്രൻ കാട്ടാളസ്ത്രീയായും ശിവനായി രഞ്ജിനി സുരേഷും പാർവ്വതിയായി കലാമണ്ഡലം അഭിജിത്തും വേഷമിട്ടു. കലാമണ്ഡലം ഗംഗാധരന്റെ ശിഷ്യപ്രശിഷ്യരും മറ്റുഗായകരും സംഗീതമൊരുക്കി.