ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണായി യുഡിഎഫിലെ സുജ സഞ്ജീവ്കുമാറിനെ തെരഞ്ഞെടുത്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണായി യുഡിഎഫിലെ സുജ സഞ്ജീവ്കുമാറിനെ തെരഞ്ഞെടുത്തു. കൗണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സുജ സഞ്ജീവ് കുമാറിന് 17 നും എതിര് സ്ഥാനാര്‍ഥി എല്‍ഡിഎഫില്‍ നിന്നുള്ള അഡ്വ.കെ.ആര്. വിജയക്ക് 16 വോട്ടും ലഭിച്ചു. കൂടുതല്‍ വോട്ട് നേടിയ സുജ സഞ്ജീവ്കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയും ഡെപ്യൂട്ടി കളക്ടറുമായ യമുനാദേവി പ്രഖ്യാപിച്ചു. തുടര്‍ന്ന് സുജ സഞ്ജീവ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 41 അംഗ ഭരണസമിതിയില്‍ യുഡിഎഫിന് 17 ഉം എല്‍ഡിഎഫിന് 16 ഉം ബിജെപി ക്ക് എട്ടും അംഗങ്ങളാണുള്ളത്. ഭരണകക്ഷിയായ യുഡിഎഫിലെ ധാരണ പ്രകാരം സോണിയ ഗിരി ചെയര്‍പേഴ്സണ്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ആദ്യഘട്ട വോട്ടെടുപ്പില്‍ സുജ സഞ്ജീവ് കുമാറിന് 17 നും അഡ്വ.കെ.ആര്. വിജയക്ക് 16 ഉം ബിജെപി സ്ഥാനാര്‍ഥി വിജയകുമാരി അനിലന്‍ എട്ടും വോട്ടുകള്‍ ലഭിച്ചു. തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ വോട്ട് നേടിയ രണ്ട് പേരെ ഉള്‍പ്പെടുത്തി വോട്ടെടുപ്പ് നടത്തുകയായിരുന്നു. നഗരസഭയിലെ വാര്‍ഡ് നമ്പര്‍ 31 കാരുകുളങ്ങര വാര്‍ഡില്‍ നിന്നാണ് സുജ സഞ്ജീവ്കുമാര്‍ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2005 ല്‍ കാറളം പഞ്ചായത്ത് ഭരണസമിതിയിലേക്ക് മത്സരിച്ചിരുന്നു. 2010 ല്‍ കാറളം പഞ്ചായത്തിലേക്ക് 55 വോട്ടിന് തെരഞ്ഞെടുക്കപ്പെട്ടു. 2015 ല്‍ ഇരിങ്ങാലക്കുട നഗരസഭയിലേക്ക് വാര്‍ഡ് 31 ല്‍ നിന്ന് മൂന്ന് വോട്ടിന് തെരഞ്ഞെടുക്കപ്പെട്ടു. 2020 ല്‍ അതേ വാര്‍ഡില്‍ നിന്ന് 186 വോട്ടിന് വിജയം ആവര്‍ത്തിച്ചു. കാറളം മണ്ഡലം മഹിള കോണ്‍ഗ്രസ് പ്രസിഡന്റായും 11 വര്‍ഷം മഹിള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍എസ്എസ് കിഴുത്താണി വനിതാ വിഭാഗം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഐടിയു ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. സഞ്ജീവ്കുമാര്‍ ആണ് ഭര്‍ത്താവ്. ശ്വേത, സ്നേഹ എന്നിവര്‍ മക്കളും പ്രദീപ്, വിജയ് എന്നിവര്‍ മരുമക്കളുമാണ്.