കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതിയുടെ കാറും വീട്ടുപകരണങ്ങളും ജപ്തി ചെയ്തു
കരുവന്നൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുടെ കാറും വീട്ടുപകരണങ്ങളും ജപ്തി ചെയ്തു. 22 ലക്ഷം രൂപയുടെ ബാധ്യത ബാങ്കിന് വരുത്തിയ കേസിലാണ് നടപടി. ബാങ്കിലെ റബ്കോ മുന്‍ കമ്മീഷന് ഏജന്റായിരുന്ന ഇരിങ്ങാലക്കുട കൊരുമ്പിശേരി സ്വദേശി അനന്തത്ത് പറമ്പില്‍ വീട്ടില്‍ ബിജോയ് (47) യുടെ വീട്ടില്‍ ഡെപ്യൂട്ടി കളക്ടറും സംഘവും എത്തിയാണ് ജപ്തി നടപടികള്‍ നിര്‍വഹിച്ചത്. ഇന്നലെ രാവിലെ 12 മണിയോടെ ജപ്തി നടപടികള്‍ക്കായി ബിജോയിയുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ആത്മഹത്യ ഭീഷണിയടക്കം നടത്തി ജപ്തി ഒഴിവാക്കുവാന്‍ പ്രതി ശ്രമിച്ചെങ്കിലും പിന്നീട് ഉദ്യോഗസ്ഥര്‍ അനുനയിപ്പിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. 3500 സ്ക്വയര്‍ ഫീറ്റുള്ള ബിജോയിയുടെ വീട് അഛന്റെ പേരിലായതിനാല്‍ മറ്റുള്ള വസ്തുക്കളാണ് ജപ്തി ചെയ്തിരിക്കുന്നത്. പ്രതികളുടെ വസ്തുവഹകള്‍ കണ്ടു കെട്ടുവാന്‍ ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. സഹകരണ വകുപ്പ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൊടുത്തിരുന്നു. ഇതുപ്രകാരം കരുവന്നൂര്‍ ബാങ്കിന്റെ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, മുന്‍ സെക്രട്ടറി, മുന്‍ മാനേജര്‍ ഉള്‍പ്പെടെ 25 പേരില്‍ നിന്നായി ജപ്തി നടപടികള്‍ക്കുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം കളക്ടര്‍ നല്‍കിയിരിക്കുന്നത്. ബാങ്കിന്റെ മുന്‍ പ്രസിഡന്റായിരുന്ന കെ.കെ. ദിവാകരനുള്‍പ്പെടെ ആറ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് 8.33 കോടി രൂപ വീതവും മറ്റ് ഏഴ് ഡയറക്ടര്‍മാരില്‍ നിന്ന് 6.11 കോടി രൂപയും ഉള്‍പ്പെടെ വിവിധ തുകകളാണ് ഈ ഡയറക്ടര്‍മാരില്‍ നിന്ന് ജപ്തി ചെയ്യാനായി ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഇന്നലെ ബിജോയിയുടെ വീട്ടിലെത്തി ജപ്തി ചെയ്തിരിക്കുന്നത്. 63 വായ്പകളിലൂടെ 35.65 കോടി രൂപ തട്ടിയെടുത്തു എന്നാണ് കണ്ടെത്തിയത്. എന്നാല്‍ ബിജോയിയില്‍ നിന്ന് 22 ലക്ഷം രൂപ ഇപ്പോള്‍ ഈടാക്കുവാനാണ് ഉത്തരവ്. 125 കോടിയോളം രൂപ വിവിധ ഭരണസമിതി അംഗങ്ങളില്‍ നിന്നും പ്രതികളില്‍ നിന്നും തിരികെ എടുക്കാനുള്ള നടപടികളാണ് ഇപ്പോള്‍ നടത്തുന്നത്. റവന്യൂ റിക്കവറിയുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ പാര്‍വതിക്കാണ് ഈ ചുമതല നല്‍കിയിരിക്കുന്നത്. കാറും വീട്ടില്‍ ഉണ്ടായിരുന്ന എടുത്തുകൊണ്ടുപോകാന്‍ കഴിയുന്ന എല്ലാ സാധനങ്ങളും തന്നെ അവിടെ നിന്നും എടുത്ത് ജപ്തി നടത്തിയിട്ടുണ്ട്. മൂന്ന് കട്ടിലുകള്‍, മൂന്ന് സോഫ, ടീപ്പോയ്, വാഷിംഗ് മെഷീന്, ഓവണ്‍, ടിവി, ഫ്രിഡ്ജ് എന്നീ വീട്ടുപകരണങ്ങളാണ് ജപ്തി ചെയ്തത്. ഈ സാധനങ്ങളെല്ലാം ലേലത്തില്‍ വയ്ക്കും. ലേലത്തില്‍ വെച്ച ശേഷം ബിജോയിക്ക് ഉള്ള ബാധ്യത എത്രയാണോ ആ ബാധ്യതയ്ക്ക് തക്ക തുക ലഭിച്ചോ എന്നു നോക്കും. അതിനുശേഷമായിരിക്കും മറ്റു നടപടികളിലേക്ക് കടക്കുക. ബാധ്യതയുള്ള തുക ആയില്ലെങ്കില്‍ ബിജോയിയുടെ പേരിലുള്ള ഭൂമി ജപ്തി ചെയ്യും. ഇതിനു പുറമെ മറ്റു ഭരണസമിതികള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്ഥലവും വീടും ഉള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം ജപ്തി ചെയ്യുന്നതിനുവേണ്ടിയുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അത് വരും ദിവസങ്ങളില്‍ ഉണ്ടാകും. അതേ സമയം കരുവന്നൂര്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. ആളുകള്‍ക്ക് ഇപ്പോഴും പണം കൃത്യമായി ലഭിക്കാത്ത അവസ്ഥ നിലനില്‍ക്കുകയാണ്. ജപ്തിചെയ്ത കാറും വീട്ടുപകരണങ്ങളും മുകുന്ദപുരം താലൂക്ക് ഓഫീസില്‍ സൂക്ഷിച്ചുവച്ചിരിക്കുകയാണ്. റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ പാര്‍വതി ദേവി, മുകുന്ദപുരം തഹസില്‍ദാര്‍ കെ. ശാന്തകുമാരി, മനവലശേരി വില്ലേജ് ഓഫീസര്‍ സുനില്‍കുമാര്‍, റവന്യൂ റിക്കവറി ഡെപ്യൂട്ടി തഹസില്‍ദാര്‍ മനോജ് നായര്‍, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.ജി. ശശിധരന്, സ്പെഷല്‍ വില്ലേജ് ഓഫീസര്‍ സി.എസ്. സുചിത്ര എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജപ്തി നടപടികള്‍ നടന്നത്.