ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ‘സമാദരവ് 2023’
ഇരിങ്ങാലക്കുട: ചുരുങ്ങിയ കാലത്തിനുള്ളില്‍ മറ്റു എന്‍ജിനീയറിംഗ് കോളജുകള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് കഴിഞ്ഞിട്ടുണ്ട് എന്ന് സിഎംഐ തൃശൂര്‍ ദേവമാത പ്രൊവിന്‍സിന്റെ മുന്‍ പ്രൊവിന്‍ഷ്യലും പാലന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടറുമായ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി സിഎംഐ. ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് 2019 23 ബാച്ചിന്റെ അധ്യയന സമാപന ചടങ്ങ് ‘സമാദരവ് ’23’ ല്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അധ്യയന പ്രക്രിയയിലെ മികവ് ഉറപ്പാക്കാന്‍ കാണിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ സന്ദേശം നല്കി. 2019 23 ബാച്ചില്‍ ബിടെക് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍ കോഴ്സ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ബാച്ചിലെ മികച്ച വിദ്യാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ട പി.എസ്. രാജേശ്വരി, വിവിധ ബ്രാഞ്ചുകളില്‍ നിന്ന് മികച്ച വിദ്യാര്‍ഥികളായി തെരഞ്ഞെടുക്കപ്പെട്ട ജെയിസ് ജോസ്, വിക്ടര്‍ വിന്‍സെന്റ്, റോസ് ആന്റോ, ഏയ്ഞ്ചല്‍ റോസ് ഹെന്സന് എന്നിവര്‍ക്ക് പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു. ക്രൈസ്റ്റ് ആശ്രമത്തിന്റെ പ്രിയോര്‍ ഫാ. ജോയി പീനിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അമ്പഴക്കാട് സിഎംഐ ആശ്രമ പ്രിയോര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സിഎംഐ, ജോയിന്റ് ഡയറക്ടര്‍ ഫാ. ആന്റണി ഡേവിസ് സിഎംഐ, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ.വി.ഡി. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.