മാലിന്യം തള്ളിയാല്‍ പിടി വീഴും
കല്ലേറ്റുംകര: കല്ലേറ്റുംകര അങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ആളൂര്‍ പഞ്ചായത്തിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ പ്ലാസ്റ്റിക് ചെരിപ്പുകള്‍, പാഴ്വസ്തുക്കള് എന്നിവ കടയുടെ മുന്‍വശത്ത് റോഡരികിലേക്ക് വലിച്ചെറിഞ്ഞ ആന്‍സ് കളക്ഷന്‍സിന് 10000 രൂപയും കല്ലേറ്റുംകര ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ശ്രീനാരായണ ഫാക്ടറിക്ക് പ്ലാസ്റ്റിക്കും മറ്റു കെമിക്കല്‍ കുപ്പികള്‍, പാഴ്വസ്തുക്കള് എന്നിവയും കൂട്ടിയിട്ട് കത്തിച്ചതിന് പതിനായിരം രൂപയും പിഴ ചുമത്താന്‍ തീരുമാനിച്ചു. വലിയ രീതിയില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങളും ജൈവമാലിന്യങ്ങളും ലക്ഷ്യമായി വലിച്ചെറിയുന്നതായി പരിശോധനയില്‍ കണ്ടെത്തി. അങ്ങാടിയുടെ തെക്കുവശം ചേര്‍ന്നുള്ള ഒരപ്പന് തോട്ടില്‍ വ്യാപകമായി മാലിന്യം തള്ളുന്നതായും പരിശോധനയില്‍ കണ്ടെത്തി. ഫ്ളോറ ബേക്കറി, ജെംസ് ബേക്കറി അന്യസംസ്ഥാന തൊഴിലാളി താമസിക്കുന്ന തെക്കേത്തല ജോസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ പിറകുവശം പോസ്റ്റ് ഓഫീസ് പറമ്പ് എന്നിവയ്ക്കെതിരെ മുന്നറിയിപ്പു നല്കി. ആവര്‍ത്തിച്ചാല്‍ ശിക്ഷാനടപടികള്‍ എടുക്കുമെന്നും പഞ്ചായത്ത് വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, വൈസ് പ്രസിഡന്റ് രതി സുരേഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എസ്. രൂപ, ഐആര്‍ടിസി അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ രേഷ്മ, വിഇഒ സുമ, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.