വേദനിക്കുന്ന സഹോദരങ്ങളോട് ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി ഇരിങ്ങാലക്കുട രൂപത
മണിപ്പുര്‍ കലാപം; ‘സ്നേഹച്ചങ്ങല’ തീര്‍ത്ത് വേദനിക്കുന്ന സഹോദരങ്ങളോട് ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി ഇരിങ്ങാലക്കുട രൂപത,
ജൂലൈ ഒന്നിന് വൈകീട്ട് 5.30 മുതല്‍ 6.15 വരെ ചാലക്കുടിപ്പുഴ പാലം മുതല്‍ കുറുമാലിപ്പുഴ പാലം വരെ 16 കിലോമീറ്റര്‍ ദൂരം
ഇരിങ്ങാലക്കുട: മണിപ്പുര്‍ കലാപത്തില്‍ വേദനിക്കുന്നവരോട് ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി ഇരിങ്ങാലക്കുട രൂപത ‘സ്നേഹച്ചങ്ങല’ തീര്‍ക്കുന്നു. ജൂലൈ ഒന്നിന് ശനിയാഴ്ച വൈകിട്ട് 5.30 മുതല്‍ 6.15 വരെ ഇരിങ്ങാലക്കുട രൂപതയിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ ചാലക്കുടിപ്പുഴ പാലം മുതല്‍ കുറുമാലിപ്പുഴ പാലം വരെ 16 കിലോമീറ്റര്‍ ദൂരത്തില്‍ മെഴുകുതിരി കത്തിച്ചുപിടിച്ചു പ്രാര്‍ഥനയോടെയാണ് സ്നേഹച്ചങ്ങല സൃഷ്ടിക്കുന്നതെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവകകളില്‍ നിന്നുള്ള വിശ്വാസി പ്രതിനിധികള്‍ മണിപ്പുരിലെ വേദനിക്കുന്ന സഹോദരങ്ങളോട് ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി സ്നേഹച്ചങ്ങലയില്‍ അണിനിരക്കും. അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ നടപടികള്‍ എടുക്കാത്തതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുകയുമാണ് ‘സ്നേഹച്ചങ്ങല’ തീര്‍ക്കുന്നതിന്റെ ലക്ഷ്യം. മണിപ്പുരിലെ ആകെ ജനസംഖ്യ 34.50 ലക്ഷമാണ്. ഇതില്‍ 53 ശതമാനം മെയ്തെയ് വിഭാഗവും 42 ശതമാനം കുക്കി, സോമി തുടങ്ങിയ ഗോത്രവര്‍ഗക്കാരുമാണ്. ഏറിയ ഭാഗവും മലനിരകളും വനമേഖലയുമാണ് മണിപ്പുര്‍. തലസ്ഥാനമായ ഇംഫാല്‍ ഉള്‍പ്പെടെ താഴ്വര പ്രദേശത്തെ അഞ്ചു ജില്ലകളിലാണ് മെയ്തെയ് ജനങ്ങള്‍. മലമ്പ്രദേശങ്ങളിലെ ശേഷിച്ച 11 ജില്ലകളില്‍ ഗോത്രവര്‍ഗക്കാരും. നൂറ്റാണ്ടുകളായി ക്രൈസ്തവ വിശ്വാസത്തില്‍ ജീവിക്കുന്നവരാണ് ഗോത്രവര്‍ഗക്കാര്‍. നിരവധി ആവശ്യങ്ങളാണ് സ്നേഹച്ചങ്ങലയില്‍ ഉന്നയിക്കുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പുരിലെ കലാപത്തിനു കാരണമായ സാമൂഹിക, സാമ്പത്തിക, വംശീയ പ്രശ്നങ്ങള്‍ക്ക് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണുക, മേയ് മൂന്നിനു ആരംഭിച്ച കലാപത്തില്‍ ഇതുവരെ 150 ലേറെ പേര് മരിച്ചു; 4000 ത്തോളം വീടുകളും 300 ഓളം ക്രൈസ്തവ ദേവാലയങ്ങളും തകര്‍ക്കപ്പെട്ടു. 50,000 ത്തോളം പേര് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. അവിടെ ഇനിയും രക്തച്ചൊരിച്ചിലുണ്ടാകാതിരിക്കാന് ശക്തമായ നടപടികള്‍ സ്വീകരിക്കണം. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും നാശനഷ്ടം നേരിട്ട പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നഷ്ടപരിഹാരം നല്‍കണം. വൈകീട്ട് അഞ്ച് മണി മുതല്‍ പ്രതിനിധികള്‍ ഇടവകകളില്‍ നിന്നു ദേശീയപാതയിലെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ എത്തിച്ചേരുന്നു. 5.30 മുതല്‍ 6 മണി വരെ നീതി നടപ്പാകാന്‍ കരുണയുടെ ജപമാല. 6.00 മണിക്ക് എല്ലാവരും മെഴുകുതിരി തെളിയിക്കും. 6.05 ന് ദീപം ഉയര്‍ത്തിപ്പിടിച്ചു സഭയുടെ വിശ്വാസപ്രമാണം ഏറ്റുചൊല്ലും. 6.10 ന് ക്രിസ്തുവിശ്വാസം പ്രതിസന്ധികളില്‍ തളരില്ലെന്നു പ്രതിജ്ഞ ചെയ്തും പീഡനമേല്‍ക്കുന്ന മണിപ്പുരിലെ സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രമേയം ഏറ്റുചൊല്ലും. 16 കിലോമീറ്റര്‍ ദൂരം 18 സോണുകളായി തിരിച്ച് കുടുംബസമ്മേളന കേന്ദ്രസമിതി, കൈക്കാരന്മാര്, കെസിവൈഎം, സിഎല്‍സി, ജീസസ് യൂത്ത്, എകെസിസി, മാതൃസംഘം എന്നീ സംഘടനകളുടെ ഭാരവാഹികള്‍ വൈസ് ക്യാപ്റ്റന്മാരായി നേതൃത്വം നല്‍കും. പള്ളികളില്‍ നിന്നുള്ള പ്രതിനിധികള്‍ പേപ്പല്‍ പതാകകള്‍, ബാനറുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ കയ്യിലേന്തിയായിരിക്കും പങ്കെടുക്കുക. ദേശീയപാതയില്‍ അഞ്ചു വിളംബര വാഹനങ്ങള്‍ നിര്‍ദേശങ്ങള്‍ നല്കി സഞ്ചരിച്ചുകൊണ്ടിരിക്കും. ചാലക്കുടി സൗത്ത് ജംഗ്ഷന്, ആനമല ജംഗ്ഷന്, പോട്ട ജംഗ്ഷന്, അപ്പോളോ ടയേഴ്സിനു സമീപം, കൊടകര, നന്തിക്കര എന്നീ സ്ഥലങ്ങളില്‍ വിശദീകരണ പ്രസംഗങ്ങളുണ്ടാകും. അന്നേ ദിവസം വൈകീട്ട് 6 മണിക്ക് ദേവാലയമണി മുഴക്കുമെന്ന് ബിഷപ് ആറിയിച്ചു. പത്രസമ്മേളനത്തില്‍ വികാരി ജനറല്‍മാരായ മോണ്‍. ജോസ് മഞ്ഞളി, മോണ്‍. വില്‍സണ്‍ ഈരത്തറ, ജനറല്‍ കണ്‍വീനര്‍ ഫാ. ജോളി വടക്കന്‍, രൂപത പിആര്‍ഒ ഫാ. ജിനോ മാളക്കാരന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ടെല്‍സണ്‍ കോട്ടോളി എന്നിവരും പങ്കെടുത്തിരുന്നു.