കൂടല്‍മാണിക്യം സംഘാടകസമിതി യോഗം; തിരക്കൊഴിവാക്കാന്‍ അടുത്തവര്‍ഷം പുതിയ സംവിധാനമൊരുക്കും
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തില്‍ വര്‍ധിച്ചുവരുന്ന ഭക്തജനത്തിരക്ക് ഒഴിവാക്കാന്‍ അടുത്തവര്‍ഷം മുതല്‍ പുതിയ സംവിധാനമൊരുക്കാന്‍ ക്ഷേത്രോത്സവം 2023 സംഘാടകസമിതിയോഗം തീരുമാനിച്ചു. ഇതിനായി ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയില്‍ പ്രത്യേക സംവിധാനം ഉണ്ടാക്കുവാനോ അല്ല എങ്കില്‍ വെടിപ്പുരയോട് ചേര്‍ന്ന് എക്സിബിഷന് ഹോളിലേക്ക് മുകളിലൂടെ പാലം സ്ഥാപിക്കുകയോ വേണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. ചരിത്രത്തിലാദ്യമായി ഇത്തവണ മതിലിനു പുറത്ത് കലാപരിപാടികള്‍ക്കായി ഒരുക്കിയ സംഗമം വേദി ആയിരക്കണക്കിന് ഭക്തജനങ്ങളേയും നാട്ടുകാരെയും ആകര്‍ഷിച്ചിരുന്നു. അതിനാല്‍ സംഗമം വേദി ഭാവിയില്‍ സ്ഥിരം പെര്‍ഫോമന്‍സ് സ്റ്റേജാക്കിയും കല്യാണമണ്ഡപമാക്കിയും ഉപയോഗപ്പെടുത്തുന്ന വിധത്തില്‍ ഒരു സ്ഥിരം സംവിധാനമാക്കി മാറ്റണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. എല്ലാ ദിവസവും ഭക്ഷണമൊരുക്കിയ ഊട്ടുപുരയില്‍ ഇത്തവണ 70,000ല്‍ അധികം ഭക്തജനങ്ങളെത്തിച്ചേര്ന്നു. പത്തുദിവസത്തെ ഉത്സവത്തിന് 1.55 കോടി രൂപയുടെ ചെലവും സ്പോണ്‍സര്‍മാര്‍ നേരിട്ട് പണം ചെലവഴിച്ച പുഷ്പാലങ്കാരം, ദീപാലങ്കാരം, അലങ്കാരപന്തല്‍, അന്നദാനത്തിന് ആവശ്യമായ അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍ എന്നിവയടക്കം രണ്ടു കോടി രൂപയോളം ചെലവു വന്ന കണക്ക് യോഗത്തില്‍ അവതരിപ്പിച്ചു. പടിഞ്ഞാറേ ഊട്ടുപ്പുരയില്‍ നടന്ന യോഗത്തില്‍ ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് അധ്യക്ഷത വഹിച്ചു. ദേവസ്വം കമ്മിറ്റി അംഗങ്ങളായ കെ.ജി. അജയകുമാര്‍, കെ.ജി. സുരേഷ്, ഭരതന് കണ്ടേങ്കാട്ടില്‍, കെ.വി. പ്രേമരാജന്‍, എ.വി. ഷൈന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.