മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമാകാനൊരുങ്ങി ഇരിങ്ങാലക്കുട: മന്ത്രി ഡോ. ബിന്ദു
ഇരിങ്ങാലക്കുട: മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രവര്‍ത്തികള്‍ 2024 മാര്‍ച്ചിന് മുന്‍പ് സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ.ആര്. ബിന്ദു പറഞ്ഞു. മാലിന്യമുക്ത കേരളം പദ്ധതി നടപ്പാക്കുന്നതിനും 2018 ലെ ഖരമാലിന്യ പരിപാലന ചട്ടപ്രകാരം മാലിന്യ സംസ്കരണം ഉറപ്പു വരുത്തുന്നതിനുമായി ഇരിങ്ങാലക്കുടയില്‍ ചേര്‍ന്ന മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജൈവ, അജൈവ മാലിന്യ ശേഖരണം, സംസ്കരണം, യൂസര്‍ ഫീ എന്നിവയില്‍ പൊതുവായ ഒരു അവബോധം ഉണ്ടാക്കാനാണ് തീരുമാനമെന്ന് മന്ത്രി ബിന്ദു പറഞ്ഞു. എല്ലാ മാസവും ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന മേധാവികളുമായി വിശദമായ റിവ്യു നടത്തുമെന്നും വ്യക്തമായ റിപ്പോര്‍ട്ട് തദ്ദേശസ്ഥാപനമേധാവികള്‍ നല്‍കണമെന്നും മന്ത്രി ഡോ.ആര്. ബിന്ദു പറഞ്ഞു. ജൈവ അജൈവ മാലിന്യങ്ങളുടെ ഉറവിടത്തില്‍ തന്നെയുള്ള സംസ്കരണം ഉറപ്പുവരുത്തുക, ഡോര്‍ ടു ഡോര്‍ കളക്ഷന്‍, മാലിന്യ കൂമ്പാരങ്ങള്‍ പൊതു ഇടങ്ങളില്‍ വലിച്ചെറിയാതെ വൃത്തിയായി സൂക്ഷിക്കുക, മാലിന്യകൂനകള്‍ വലിച്ചെറിയുന്ന ആളുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക, കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ഏറ്റെടുക്കുക, ജലാശയങ്ങളുടെ ശുചീകരണം നടത്തുക, പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുക, ജൈവമാലിന്യങ്ങള്‍ വീടുകളില്‍ തന്നെ സംസ്കരിക്കാനുള്ള സംവിധാനങ്ങള്‍ ഉറപ്പുവരുത്തുക തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്തു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേം രാജ്, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍, ജില്ലാ ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് പണ്ടു സിന്ധു, അഡീഷണല്‍ ഡയറക്ടര്‍ നൈസി റഹ്മാന്, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംബിക, ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.