ഈ നന്മ മാതൃകയാകണം, വിലപ്പെട്ട കരുതല്‍; ആംബുലന്‍സ് ഡ്രൈവര്‍ക്ക് ആദരം
ഇരിങ്ങാലക്കുട: അപകടം സംഭവിച്ച് റോഡില്‍ കിടന്നയാളെ ആശുപത്രിയില്‍ എത്തിക്കുകയും ഇയാളുടെ കൈവശം ഉണ്ടായിരുന്ന രണ്ടര ലക്ഷത്തോളം രൂപ ഭദ്രമായി തിരികെ നല്‍കുകയും ചെയ്ത ആംബുലന്‍സ് ഡ്രൈവര്‍ക്ക് ആദരം. ഉത്രാടനാള് ഏവരും ഓണതിരക്കില്‍ ഓട്ടപാച്ചില്‍ നടത്തുന്നതിനിടെയാണ് രാത്രി ഏഴരയോടെ മാപ്രാണം ലാല്‍ ആശുപത്രിയ്ക്ക് സമീപം അപകടം നടക്കുന്നത്. കൊടുങ്ങല്ലൂരിലെ സ്വകാര്യ കമ്പനിയിലെ സെയില്‍സ്മാനായ കണിമംഗലം സ്വദേശി കൈതാരത്തില്‍ വീട്ടില്‍ ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ എന്നയാളാണ് ജോലി കഴിഞ്ഞ് അന്നത്തെ കളക്ഷന്‍ തുകയായ രണ്ടര ലക്ഷത്തോളം രൂപയുമായി വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ എതിരെ വന്നിരുന്ന വാഹനത്തിന്റെ ലൈറ്റ് കണ്ണിലടിച്ച് നിയന്ത്രണം വിട്ട് റോഡരികിലൂടെ പോവുകയായിരുന്ന കപ്പലണ്ടി കച്ചവടം നടത്തുന്ന വാഹനത്തിലിടിച്ചത്. തലയ്ക്ക് പരിക്കേറ്റ് ബോധം നഷ്ടപ്പെട്ട ജോര്‍ജ്ജിനെ മറ്റൊരു ഓട്ടം കഴിഞ്ഞ് മടങ്ങിവരുന്നുണ്ടായ ലാല്‍ ആശുപത്രിയിലെ ഡ്രൈവറായ എ.വി ഷാജി നാട്ടുകാരുടെ സഹകരണത്തോടെ ആംബൂലന്‍സില്‍ ലാല്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വെന്റിലേറ്റര്‍ ഒഴിവില്ലാത്തതിനാല്‍ ജോര്‍ജ്ജിനെ മറ്റൊരു ആശുപത്രിയിലേയ്ക്കും മാറ്റി. ഇദ്ദേഹത്തിന്റെ ഫോണ്‍ ലോക്ക് ആയതിനാല്‍ ബന്ധുക്കളെ വിവരം അറിയിക്കുവാന്‍ ബുദ്ധിമുട്ടായിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുട പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടെ പഴ്സില്‍ നിന്ന് കിട്ടിയ ഒരു നമ്പറില്‍ ബന്ധപെട്ടപ്പോള്‍ അപകടം പറ്റിയ ആളുടെ കുട്ടികള്‍ പഠിക്കുന്ന സ്കൂളിലെ ടീച്ചറുടെ നമ്പറായിരുന്നു പിന്നീട് ആ വഴിയ്ക്ക് ഇദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെടുകയായിരുന്നു. ബന്ധുക്കള്‍ എത്തുന്നത് വരെ ഇത്രയും വലിയ തുകയുമായി ഷാജി അപകടം പറ്റിയ ആളോടൊപ്പം കാത്തിരുന്ന് ബന്ധുക്കളുടെ കൈവശം തുക കൈമാറുകയായിരുന്നു. 30 വര്‍ഷത്തോളമായി മാപ്രാണം ലാല്‍ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്യുന്ന മാപ്രാണം സ്വദേശി അറയ്ക്കല്‍ വീട്ടില്‍ ഷാജിയെ ആംബുലന്‍സ് ഓണേഴ്സ് ആന്റ് ഡ്രൈവേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട സോണലിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തി ആദരിച്ചു. ജില്ലാ ഭാരവാഹികളായ ജിന്നി ദേവന്, ആശുപത്രി പിആര്‍ഓ ബിന്ദു, ആംബുലന്‍സ് ഡ്രൈവര്‍ പ്രദീപ് എന്നിവര്‍ സംസാരിച്ചു.