കാനനിര്മ്മാണത്തിനിടെ മതില് തകര്‍ന്ന് വീണ് കരാറുകാരന്റെ നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു
ഇരിങ്ങാലക്കുട: നഗരസഭ വാര്‍ഡ് 38 ല്‍ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിനു സമീപം കാന നിര്‍മ്മാണത്തിനിടെ അടുത്ത വീട്ടിലെ മതില് തകര്‍ന്ന് വീണ് കാന നിര്‍മ്മാണ കരാറുകാരന്റെ ജീവനക്കാരനു പരിക്കേറ്റു. കുഴിക്കാട്ടുകോണം സ്വദേശി ഗിരീഷി(45) നാണ് പരിക്കേറ്റത്. ഇടത്തേ കാലിന് പരിക്കേറ്റ ഗിരീഷിനെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. മഴകാലത്ത് കനത്ത വെള്ളക്കെട്ട് രൂപപെടുന്നു എന്ന പരാതിയെ തുടര്‍ന്ന് 18 ലക്ഷം രൂപ ചിലവില്‍ കാനനിര്‍മ്മാണം ആരംഭിച്ചത്. കാനയുടെ കോണ്‍ക്രീറ്റിംങ്ങ് നടത്തുന്നതിന് മുന്നോടിയായി ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയിരുന്നു. മണ്ണ് മാറ്റിയ സ്ഥലത്ത് തൊഴിലാളികള്‍ വൃത്തിയാക്കുന്നതിനിടെയാണ് കളപുരയ്ക്കല്‍ അഭിലാഷ് എന്ന വ്യക്തിയുടെ വീടിന്റെ മതില് തകര്‍ന്ന് വീണത്. നഗരസഭയുടെ 2018-19 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 420 മീറ്റര്‍ നീളത്തില്‍ രാമന്‍കുളം റോഡില്‍ കാന നിര്‍മ്മിക്കുന്നത്. കോവിഡിനെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളുടെ പേരില്‍ നീണ്ട് പോയ നിർമാണ പ്രവര്‍ത്തനം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. മഴക്കാലത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്താനുള്ള നഗരസഭ അധികൃതരുടെ തീരുമാനമാണ് അപകടത്തിന് കാരണമായതെന്നും പരിക്കേറ്റ കരാര്‍ ജീവനക്കാരന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും തകര്‍ന്ന മതില് എത്രയും പെട്ടന്ന് കെട്ടി കൊടുക്കണമെന്നും ബിജെപി മണ്ഡലം സെക്രട്ടറി ഷാജുട്ടന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മതിലിന് വേണ്ടത്ര അടിത്തറയില്ലാത്തതാണ് അപകട കാരണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സി സി ഷിബിന്‍ പറഞ്ഞു.