ഒറ്റവെട്ടിന് തീര്‍ക്കാമോ സഖാവേ … ജോഷിയുടെ ഫേസ്ബുക്ക് കുറിപ്പ്
ഇരിങ്ങാലക്കുട: 52 വെട്ടുകളില്‍ തീര്‍ക്കാതെ, ഒറ്റവെട്ടിനു തീര്‍ക്കാമോ സഖാവേ ? അല്പം വേദന കുറയില്ലേ ? എനിക്കതിനെങ്കിലും അര്‍ഹതയില്ലേ ?…. 21 ശസ്ത്രക്രിയകള്‍ കടന്ന ശരീരം നിരാഹാരം എത്രകണ്ടു പ്രോത്സാഹിപ്ിക്കും എന്നറിയില്ല. എങ്കിലും തോല്‍ക്കാനൊരു മടി. പണ്ടേ ഉള്ളില്‍ കുറിച്ചൊരു വാചകമുണ്ട്, കൊല്ലാം നിങ്ങള്‍ക്കെന്റെ ശരീരത്തെയീ നിമിഷം, എങ്കിലും തോല്പിക്കാനാവില്ല എന്നിലെ സഖാവിനെയൊരിക്കലും എന്നെഴുതിയാണ് ജോഷി ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
സിപിഎമ്മില്‍ പ്രവര്‍ത്തിച്ച് കണക്കറ്റ പോലീസ് മര്‍ദനങ്ങള്‍ നേരിടേണ്ടിവന്ന തനിക്ക് സിപിഎം ഭരിക്കുന്ന ബാങ്കില്‍നിന്ന് നേരിടേണ്ടിവന്ന ചതിയുടെ വിശദാംശങ്ങള്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ജോഷി വിവരിക്കുന്നുണ്ട്. 150 കോടിയോളം രൂപയുടെ തട്ടിപ്പില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.സി. മൊയ്തീന് നേരിട്ടു പങ്കുണ്ടെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. മൊയ്തീനെ പൂര്‍ണമായി പിന്തുണച്ച് സിപിഎം സംസ്ഥാന നേതൃത്വം രംഗത്തുവന്നതിനു പിന്നാലെയാണ് പാര്‍ട്ടിക്കുവേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ച ഒരു പ്രവര്‍ത്തകന്റെ നിരാഹാര സമരവും ഫേസ്ബുക്ക് പോസ്റ്റും. സഹകരണ നിക്ഷേപം നൂറുശതമാനം സുരക്ഷിതമാണെന്ന് മഖ്യമന്ത്രി പറഞ്ഞതിലായിരുന്നു പ്രതീക്ഷയെന്നും ജോഷി പറയുന്നു. പണം തിരിച്ചുകിട്ടാതെ വന്നപ്പോള്‍ നിസഹായാവസ്ഥ പറയാനായി പലതവണ പഴയ പാർട്ടി സഹപ്രവര്‍ത്തകയും ഇരിങ്ങാലക്കുട എംഎല്‍എയുമായ മന്ത്രി ആര് ബിന്ദുവിനെ കാണാന്‍ ശ്രമിച്ചെങ്കിലും ഫോണില്‍ സംസാരിക്കാന്‍പോലും സാധിച്ചില്ല. ഇതിനിടെ സ്ട്രോക്ക് വന്ന് ജോഷിയുടെ രോഗാവസ്ഥ കൂടുതല്‍ ഗുരുതരമായി. ആശുപത്രിയില്‍ കിടക്കവേ, 12 ലക്ഷം രൂപ തിരിച്ചുതരാനായി സഹകരണ മന്ത്രി വാസവന് നിര്‍ദേശിച്ചെങ്കിലും അതും കബളിപ്പിക്കലായി. തട്ടിപ്പിനെക്കുറിച്ചു പറയുമ്പോള്‍ പുതുതലമുറയില്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്വന്ന് വെല്ലുവിളിക്കുന്നതിനെക്കുറിച്ചും ജോഷി വിമര്‍ശിച്ചു. കരുവന്നൂരിലെ മുഴുവന്‍ നിക്ഷേപകര്‍ക്കും വേണ്ടിയാണ് താന്‍ ഉപവാസ സമരമിരുന്നതെന്നും ജോഷി പറഞ്ഞു. ജോഷിയുടെ ഫേസ്ബുക്ക് കുറിപ്പ് ഏറെ ചര്‍ച്ചയായിട്ടുണ്ട്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ബാങ്കിന്റെ നീതി നിഷേധത്തിനെതിരെ തിരുവോണനാളില്‍ സൂചനാനിരാഹാര സമരം നടത്തി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനും ബാങ്ക് അധികൃതരുടെ നീതി നിഷേധത്തിനുമെതിരെ തിരുവോണനാളില്‍ നിക്ഷേപകന്റെ സൂചനാനിരാഹാര സമരം. പഠനകാലത്ത് എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നിവയുടെ സജീവ പ്രവര്ത്തകന് കൂടിയായിരുന്ന മാപ്രാണം വടക്കേത്തല വീട്ടില്‍ ജോഷി(52)യാണ് നീതിക്കായി ശബ്ദമുയര്‍ത്തി തിരുവോണനാളില്‍ വീടിനുമുന്നില്‍ നിരാഹാരസമരം നടത്തിയത്. സ്വന്തംപേരിലും ബന്ധുക്കളുടെ പേരിലുമായി 80.42 ലക്ഷം രൂപ ഇനിയും കിട്ടാനുണ്ടെന്ന് ജോഷി ചൂണ്ടിക്കാട്ടുന്നു. കരാറുകാരനായ ജോഷി അപകടത്തെ തുടര്‍ന്ന് എട്ടുവര്‍ഷം കിടപ്പിലായിരുന്നു. ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു. നിക്ഷേപങ്ങള്‍ കിട്ടാത്തതുകൊണ്ട് കരാര്‍ പണികള്‍ എറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വട്ടിപ്പലിശയ്ക്ക് പണം എടുത്തതിന്റെ ബാധ്യതകളെ തുടര്‍ന്ന് സ്വന്തം വീടു വില്‍ക്കേണ്ട സ്ഥിതിയിലുമാണ്. ചികിത്സയ്ക്കും മറ്റുമായി 24 ലക്ഷം മാത്രമാണ് തിരിച്ചുകിട്ടിയത്. പലിശ ലഭിച്ചതുമില്ല. ഇനിയും 80.42 ലക്ഷം നിക്ഷേപയിനത്തില്‍ ലഭിക്കാനുണ്ട്. ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നു മോശമായ സമീപനമാണെന്ന് ജോഷി പറയുന്നു.
സജീവ പാര്‍ട്ടിപ്രവര്‍ത്തനം നിർത്തിയെങ്കിലും താന്‍ ഇടതുപക്ഷക്കാരന് തന്നെയാണെന്നു ജോഷി പറയുന്നു. ബാങ്കില്‍ പ്രതിസന്ധി ഉടലെടുത്തിട്ട് വര്‍ഷങ്ങളായി. എന്നാല്‍ 2020ല്‍ താന്‍ ബാങ്കില്‍ ആറുലക്ഷം രൂപ നിക്ഷേപിച്ച ഘട്ടത്തില്‍ ബാങ്ക് അധികൃതര്‍ ഇക്കാര്യം മറച്ചുവച്ചു. നീതിക്കു വേണ്ടിയുള്ള പോരാട്ടം വിരാമമില്ലാതെ തുടരുമെന്ന് ജോഷി വ്യക്തമാക്കി. ജോഷിയോടൊപ്പം കവിയും പുരോഗമന കലാസംഘത്തിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന സുഭാഷ് പോണോളി നിരാഹാരമിരുന്നിരുന്നു. വിവിധ രാഷ്ട്രീയകക്ഷികളിലെ നേതാക്കളും പ്രവര്‍ത്തകരും സുഹൃത്തുക്കളും ജോഷിക്കു പിന്തുണയറിയിച്ച് വീട്ടിലെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് സുനില്‍ ലാലൂര്‍ നാരങ്ങാനീര് നല്കി സമരം അവസാനിപ്പിച്ചു.