ഇരിങ്ങാലക്കുടയില്‍ നടന്ന ശ്രീനാരായണഗുരു ജയന്തി ഘോഷയാത്ര നടന് സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്തു
ഇരിങ്ങാലക്കുട: ഗുരുസ്മരണയുടെ ധന്യതയില്‍ 169-ാമത് ശ്രീനാരായണഗുരു ജയന്തി ആഘോഷം. പതാക ഉയര്‍ത്തല്‍, വിശേഷാല്‍ പൂജകള്‍, പ്രഭാഷണങ്ങള്‍, ഘോഷയാത്രകള്‍, സമ്മേളനങ്ങള്‍ എന്നിവ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന്, എസ്എന്‍ബിഎസ് സമാജം, എസ്എന്‍വൈഎസ്, ശാഖായോഗങ്ങള്‍, ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ നടന്ന വര്‍ണാഭമായ ഘോഷയാത്രയില്‍ ആയിരങ്ങള്‍ അണിനിരന്നു. ശ്രീകൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ മുന്നില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര നടന് സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്തു. യൂണിയന് കീഴിലെ 85 ശാഖകളില്‍നിന്നും ഇരിങ്ങാലക്കുട, പുത്തന്‍ചിറ, പടിയൂര്‍, കോണത്തുകുന്ന്, തുമ്പൂര്‍, മുരിയാട്, കരുവന്നൂര്‍, കാറളം, കാട്ടൂര്‍ മേഖലകളില്‍ നിന്നുള്ളവരും ഗുരുദേവ രഥത്തിന്റേയും താളമേള വാദ്യഘോഷങ്ങളുടെയും അകമ്പടിയോട നടന്ന ഘോഷയാത്രില്‍ പങ്കാളികളായി. യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, സെക്രട്ടറി കെ.കെ. ചന്ദ്രന്, യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന്, യോഗം ഡയറക്ടര്‍മാരായ കെ.കെ. ബിനു, സജീവ്കുമാര്‍ കല്ലട, സമാജം പ്രസിഡന്റ് കിഷോര്‍ കുമാര്‍ നടുവളപ്പില്‍, സെക്രട്ടറി വേണു തോട്ടുങ്ങല്‍ എന്നിവര്‍ നേതൃത്വം നല്കി. ശ്രീവിശ്വനാഥപുരം ക്ഷേത്രാങ്കണത്തില്‍ സമാപിച്ച ഘോഷയാത്രയ്ക്കുശേഷം ചേര്‍ന്ന പൊതുസമ്മേളനം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനംചെയ്തു. യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അധ്യക്ഷതവഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ മുഖ്യാതിഥി ആയിരുന്നു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡുകളും സാഹിത്യ, ചിത്രരചന, പൂക്കള മത്സരങ്ങളിലെ വിജയികള്‍ക്കുള്ള പുരസ്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.