മാപ്രാണം വി. കുരിശിന്റെ തീര്‍ഥകേന്ദ്രത്തില്‍ പതാകപ്രയാണം എത്തിച്ചേര്‍ന്നു
മാപ്രാണം: വി. കുരിശിന്റെ തീര്‍ഥകേന്ദ്രത്തില്‍ 13, 14, 15 തിയതികളില്‍ ആഘോഷിക്കുന്ന കുരിശുമുത്തപ്പന്റെ തിരുനാളിന്റെ കൊടികയറ്റത്തിനുള്ള പതാക കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യായുടെ കബറിടത്തില്‍ നിന്നും തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. വര്‍ഗീസ് അരിക്കാട്ടില്‍ നിന്നും സ്വീകരിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വഴിനീളെ വിശ്വാസികളുടെ ആദരം ഏറ്റുവാങ്ങി, പ്രയാണമായ് വികാരിയും റെക്ടറുമായ റവ. ഫാ. ജോയ് കടമ്പാട്ട് അച്ഛന്റെ നേതൃത്വത്തില്‍ മാപ്രാണം ഹോളിക്രോസ് തീര്‍ഥകേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു. പതാക സഹ വികാരി ഫാ. ജിനോ തെക്കിനിയത്തും ട്രസ്റ്റിയും ജനറല്‍ കണ്‍വീനറുമായ ജോണ്‍ പള്ളിത്തറയും ട്രസ്റ്റിയും ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരുമായ വിന്‍സെന്റ് നെല്ലേപ്പിള്ളിയും, അനൂപ് അറക്കലും, പബ്ലിസിറ്റി കണ്‍വീനര്‍ ബിജു തെക്കേത്തലയും ഒപ്പം വന്‍ ജനാവലിയും ചേര്‍ന്നു സ്വീകരിച്ചു ദേവാലയത്തിലേക്കാനയിച്ചു. തുടര്‍ന്ന് വാഹന വെഞ്ചിരിപ്പും നടത്തപ്പെട്ടു. നാളെ രാവിലെ ആറിന് നവനാള്‍ ദിവ്യബലിയും തുടര്‍ന്നു കൊടികയറ്റവും തുടര്‍ന്നുള്ള നവനാള്‍ ദിനങ്ങളില്‍ രാവിലെ ആറിന് നവനാള്‍ ദിവ്യബലിയും, വൈകീട്ട് 5.30 ന് സെന്റ് ജോണ്‍ കപ്പേളയില്‍ നൊവേനയും സന്ദേശവും നടക്കും. 13 ന് വൈകീട്ട് അഞ്ചിന് പ്രസിദ്ധമായ തിരിതെളിയിക്കല്‍ കോഴിക്കോട് രൂപത ബിഷപ് റൈറ്റ് റവ. ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ കാര്‍മികത്വത്തില്‍ നടക്കും. തുടര്‍ന്ന് രാത്രി എട്ടിന് ഉണ്ണിമിശിഹാ കപ്പേളയില്‍ നിന്ന് പുഷ്പകുരിശു ഏഴുന്നള്ളിപ്പും ഉണ്ടായിരിക്കും. 14 ന് രാവിലെ 10 ന് റവ. ഫാ. ഡേവീസ് പുലിക്കോട്ടിലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ ദിവ്യബലിയും, ഫാ. ജോസഫ് പുത്തന്‍പുരക്കലിന്റെ സന്ദേശവും ഉണ്ടായിരിക്കും. നാലിന് പ്രദക്ഷിണവും തുടര്‍ന്ന് കുരിശിന്റെ തിരുശേഷിപ്പു ചുംബനവും വര്‍ണമഴയും ഉണ്ടായിരിക്കും.