രാജീവ് കാക്കനാടന്റെ മരണം, കൊലപാതകമോ, അപകടമരണമോ??? മാടായിക്കോണം സ്വദേശി രാജീവ് കാക്കനാടന്റെ മരണം ചര്‍ച്ചയാകുന്നു
ഇരിങ്ങാലക്കുട: മാടായിക്കോണം സ്വദേശി രാജീവ് കാക്കനാട (24) ന്റെ മരണം ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം മുന്‍ എംഎല്‍എ അനില്‍ അക്കര മാധ്യമങ്ങളുമായി ഇക്കാര്യം പങ്കുവച്ചതോടെയാണ് ഈ വിഷയം വീണ്ടും ചര്‍ച്ചക്ക് വഴിയൊരുങ്ങിയത്. പാര്‍ട്ടി യുവജനവിഭാഗത്തിന്റെ പൊറത്തിശേരി പഞ്ചായത്തംഗമായിരുന്നു രാജീവ്.
മരണത്തില്‍ ഏറെ ദുരൂഹതകള്‍ സംഭവസമയത്ത് തന്നെ ഉയര്‍ന്നുവന്നിരുന്നു. മാടായിക്കോണം കാക്കനാടന് വീട്ടില്‍ കൊച്ചുണ്ണിയുടെയും കൗസല്യയുടെയും മകനാണ് രാജീവ്. ബാങ്കിലെ ചില വിഷയങ്ങള്‍ പാര്ട്ടിവേദികളിലേക്കും നേതാക്കളിലേക്കും രാജീവ് ആദ്യം കൊണ്ടുവന്നതായാണ് പറയപ്പെടുന്നത്. 1998 ഡിസംബര്‍ ആറിനാണ് സംഭവം. മാടായിക്കോണം സ്കൂളിനു സമീപം റോഡരികില്‍ ട്രാന്‍സ്ഫോര്‍മറിനു സമീപം കത്തിക്കരിഞ്ഞ നിലയിലായിരുന്നു രാജീവിന്റെ മൃതദേഹം.
കരുവന്നൂരിലെ തിയറ്ററില്‍ സെക്കന്‍ഡ് ഷോ കഴിഞ്ഞ് സുഹൃത്തിനെ വീട്ടില്‍ കൊണ്ടുവിട്ട് മാടായിക്കോണത്തെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. അന്ന് രാജേഷിനൊപ്പം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഈ സുഹൃത്ത് ഇപ്പോഴും പാര്‍ട്ടിയില്‍ സജീവമാണ്. ഏറെ ദുരൂഹതകളാണ് ഈ മരണവുമായി ഉയര്‍ന്നുവന്നത്. അപകടം നടക്കുന്നതിനു കുറച്ചുമാറിയാണ് രാജീവിന്റെ ചെരിപ്പുകള്‍ കിടന്നിരുന്നത്.
അപകടം നടന്ന സ്ഥലത്ത് ബൈക്ക് സ്റ്റാന്‍ഡില്‍ വച്ചിരുന്നതും സമീപത്തെ പറമ്പില്‍ നിന്നും പെട്രോള്‍ കൊണ്ടുവന്ന ഒഴിഞ്ഞ കാന്‍ ലഭിച്ചതും ബൈക്കിന്റെ താക്കോല്‍ ഓഫായ നിലയില്‍ ആയിരുന്നതും ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നതായിരുന്നു. ഇരിങ്ങാലക്കുട പോലീസ് 611/ 98 ക്രൈം നമ്പര്‍ പ്രകാരം കേസെടുത്തിരുന്നു.
അന്വേഷണം സജീവമായി നടത്തിയിരുന്നുവെങ്കിലും കൊലപാതകമാണെന്ന് തെളിയിക്കുവാനോ പ്രതികളെ കണ്ടെത്താനോ പോലീസിനു സാധിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. രാജീവിന്റെ മരണത്തിലും ദുരൂഹതകള്‍ മറ നീക്കി പുറത്തുകൊണ്ടുവരണമെന്ന് ബാങ്കുമായി നിരവധി പരാതികള്‍ നല്കിയ സുരേഷും ആവശ്യപ്പെടുന്നുണ്ട്.