ന്യൂയോര്‍ക്കിലെ നൃത്തോത്സവത്തില്‍ ഇരിങ്ങാലക്കുടക്കാരി ഹൃദ്യ ഹരിദാസ്
ഇരിങ്ങാലക്കുട: വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ നൃത്ത കലാരൂപങ്ങളിലൂടെ വളര്‍ന്നുവരുന്ന പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ അമേരിക്കന്‍ ആര്‍ട് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ദി ഇറേസിങ് ബോര്‍ഡേര്‍സ് ഡാന്‍സ് ഫെസ്റ്റിവലില്‍ അവസരം നേടി ഹൃദ്യ ഹരിദാസ്. മോഹിനിയാട്ടത്തിലാണ് ഹൃദ്യ ഹരിദാസിനെ (22) തെരഞ്ഞെടുത്തിരിക്കുന്നത്. മഹാഭാരതത്തിലെ സ്ത്രീ കഥാപാത്രം അംബയുടെ കഥയാണ് മോഹിനിയാട്ടത്തില്‍ അവതരിപ്പിച്ചത്.
ഗുരുവായ മോഹിനിയാട്ടം ആചാര്യ നിര്‍മലാ പണിക്കരാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നൃത്തരൂപം ചിട്ടപ്പെടുത്തിയത്. ഇതിന്റെ 20 മിനിറ്റു ദൈര്‍ഘ്യമുള്ള വീഡിയോ ആണ് മത്സരത്തിന് അയച്ചു നല്‍കിയത്. ഫെസ്റ്റിവലില്‍ തുടര്‍ന്നുള്ള വേദികളിലും മറ്റുവിദേശ രാജ്യങ്ങളിലും നൃത്തം അവതരിപ്പിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. നാലാം വയസില്‍ നൃത്ത പരിശീലനം ആരംഭിച്ച ഹൃദ്യ 15 വര്‍ഷത്തിലേറെയായി മോഹിനിയാട്ടം പരിശീലിക്കുന്നു.
സംസ്ഥാന സ്കൂള്‍ കലോത്സവവേദിയില്‍ കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത് എന്നിവയില്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷം മത്സരിച്ചിട്ടുണ്ട്. ക്രൈസ്റ്റ് കോളജിലെ സാമ്പത്തിക ശാസ്ത്ര ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ ഹൃദ്യയുടെ സ്വപനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ചിലങ്ക കെട്ടി നല്‍കുന്നത് അമ്മന്നൂര്‍ ഗുരുകുലത്തിലെ ചുട്ടി കലാകാരന് പിതാവ് ശ്രീ സംഗമം ഹരിദാസും അമ്മ രമയുമാണ്.