വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ തിരുനാളിന് കൊടിയേറി
വല്ലക്കുന്ന്: സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വിശുദ്ധ അല്ഫോന്സമ്മയുടേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്തമായ തിരുനാളിന് ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ കൊടിയേറ്റി. 18, 19 തിയതികളിലാണ് തിരുനാള്‍. 17 വരെ എല്ലാദിവസവും വൈകീട്ട് 5.30 ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം, പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.
12 ന് രാവിലെ 6.15ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം, പ്രദക്ഷിണം. 18 ന് 6.30 ന്റെ ദിവ്യബലിക്കുശേഷം പ്രദക്ഷിണമായി തിരുസ്വരൂപങ്ങള്‍ രൂപപ്പന്തലില് പ്രതിഷ്ഠിക്കും. ഉച്ചയ്ക്ക് ഒന്നു മുതല്‍ കുടുംബകൂട്ടായ്മ അടിസ്ഥാനത്തില്‍ അമ്പ് വീടുകളിലേക്ക് എഴുന്നള്ളിക്കും.വൈകീട്ട് 6.30ന് പള്ളിയങ്കണത്തില്‍ കേരളത്തിലെ പ്രമുഖ ബാന്റുകളുടെ സൗഹൃദബാൻഡ് വാദ്യം ഉണ്ടായിരിക്കും.
തിരുനാള്‍ ദിനമായ 19 ന് 6.30നും 10നും മൂന്നിനും ദിവ്യബലി. രാവിലെ 10 നുള്ള ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കു ഫാ. മെല്വിന് പെരേപ്പാടന് മുഖ്യകാര്‍മികത്വം വഹിക്കും. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി പ്രഫസര്‍ ഫാ. സിജു കൊമ്പന് സന്ദേശം നല്‍കും. ശേഷം തിരുനാള്‍ പ്രദക്ഷിണം പള്ളിയങ്കണത്തില്‍ നിന്നും ആരംഭിച്ച് വൈകീട്ട് ഏഴിന് സമാപിക്കും. 20 ന് വൈകീട്ട് 5.30ന് മരിച്ചവരുടെ ഓര്‍മദിനം ആചരിക്കും. 26 നാണ് എട്ടാമിടം.