ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് വജ്രജൂബിലി നിറവില്‍ ആഘോഷ പരിപാടികള്‍ക്ക് ഇന്നു തുടക്കം
ഓലമേഞ്ഞ കെട്ടിടത്തില്‍ നിന്ന് തുടക്കം
ഇരിങ്ങാലക്കുട: കൗമാരത്തിലും യൗവനത്തുടക്കത്തിലും ആയിരങ്ങള്‍ ജീവിതം ആഘോഷിച്ച കലാലയം വജ്ര ജൂബിലിയിലും തലയെടുപ്പോടെ നില്‍ക്കുകയാണ്. ഓലമേഞ്ഞ കെട്ടിടത്തില്‍ നിന്ന് തുടങ്ങി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വനിതാ കോളജുകളിലൊന്നായി മാറിയ ചരിത്രമാണ് 60 വര്‍ഷം പിന്നിടുന്ന കോളജിന്റേത്. കലാ-കായിക രംഗമുള്‍പ്പടെ സമസ്ത മേഖലകളിലും ആയിരങ്ങളെയാണ് ഈ കലാലയം ഉയരങ്ങളിലെത്തിച്ചത്. ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്റെ കീഴിലാണ് കോളജ്. ആധുനിക ഇരിങ്ങാലക്കുടയുടെ ശില്പി പദ്മഭൂഷണ്‍ ഫാ. ഗബ്രിയേലിന്റെയും മുനി സിപ്പൽ ചെയർമാനായിരുന്ന കെ.പി. ജോണിന്റെയും നേതൃത്വത്തിലായിരുന്നു പ്രാരംഭനടപടികൾ. മദര്‍ ജോസഫൈനിന്റെ ദീർഘവീക്ഷണവും പ്രഥമ പ്രിൻസിപ്പൽ സിസ്റ്റര്‍ ഫ്രാങ്കോയുടെ നേതൃത്വപാടവവും 16 അധ്യാപകരും 312 കുട്ടികളുമായി ആരംഭിച്ച സെന്റ് ജോസഫ്സിനെ കേരളത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ തനതായ സ്ഥാനം നേടിക്കൊടുത്തു.
വിജയം എന്നും കൂടെ
2012ല്‍ റാങ്ക് സിസ്റ്റം നിര്‍ത്തലാക്കുന്നതുവരെ കാലിക്കട്ട് സര്‍വകലാശാല റാങ്കുകൾ സെന്റ് ജോസഫ്സിലേക്ക് ഒഴുകിയെത്തി. ഒന്നാം ബാച്ചിലെ റോള്‍ നമ്പര്‍ 28 ടി.വി. ലില്ലി, സിസ്റ്റര്‍ വിജയയായി പിന്നീട് കോളജിലെ പ്രിന്‍സിപ്പലായി എത്തി. ഹോളിഫാമിലി സന്യാസ സമൂഹത്തിന്റെ ഇപ്പോഴത്തെ മദർ ജനറൽ സിസ്റ്റർ ഡോ. ആനി കുര്യാക്കോസ് പൂര്‍വവിദ്യാര്‍ഥിയും പ്രിന്‍സിപ്പലായിരുന്നു.
പ്രതിഭകളുടെ മണ്ണ്
മന്ത്രി, എംപി, എംഎല്‍എ, മേയര്‍, അധ്യാപകര്‍, കലാകായിക പ്രതിഭകള്‍… സെന്റ് ജോസഫ്സിന്റെ മുറ്റത്തു പഠിച്ചും കളിച്ചും വളര്‍ന്നവര്‍ ഏറെ. തൃശൂരിലെ ആദ്യ വനിതാ മേയറും ഇപ്പോഴത്തെ ഉന്നത വിദ്യഭ്യസ മന്ത്രിയുമായ ഡോ. ആര്. ബിന്ദു ഈ കാലയത്തിലെ യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറായിരുന്നു. അധ്യാപകരായിരുന്ന പ്രഫ. മീനാക്ഷി തമ്പാനും പ്രഫ. സാവിത്രി ലക്ഷ്മണനും എംഎല്‍എയും എംപിയുമായും മുനിസിപ്പല്‍ ചെയര്‍മാനായി പ്രഫ. റോസ് വില്യംസും പ്രശോഭിച്ചു. കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്പ് നേടിയ ഡോ. വിജി മേരിയും പശ്ചിമ ഘട്ടത്തില്‍ നിന്നും ഹിമാലയന്‍ മലനിരകളില്‍ നിന്നും 27 പുതിയ സസ്യങ്ങള്‍ കണ്ടെത്തി പാറ്റന്റ് നേടിയ ഡോ. ആല്‍ഫ്രഡ് ജോയും അടങ്ങുന്ന അധ്യാപകരുടെ പുതുനിര ഭദ്രം. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരായ പി.എസ്.രാധാദേവി, ടി.കെ. അനുരാധ, മുംബൈ ഐഐടിയിലെ പ്രഫ. കൃഷ്ണ ശങ്കരനാരായണന്, ഉഷ ബാലാജി, കായികതാരങ്ങളായ സലോമി സേവ്യര്‍, പി.സി. തുളസി, അഞ്ജു ബാലകൃഷ്ണന്, രാജലക്ഷ്മി ജി. നായര്‍, ചിത്രകാരി കവിത ബാലകൃഷ്ണന്, സ്പോര്‍ട്സ് മെഡിസിനില്‍ ഡോ. സിന്ധു ശ്രീധരന് തുടങ്ങിയവര്‍ ഉള്‍പ്പടെ വിവിധ മേഖലകളില്‍ വിജയം കൈയടക്കിയവരുണ്ട്.
അംഗീകാരങ്ങള്‍ നേട്ടങ്ങള്‍
2016 ല്‍ സ്വയം ഭരണപദവി നേടിയ കോളജ് ഈവർഷം നാക് ഗ്രേഡിംഗില്‍ ഇന്ത്യയില്‍തന്നെ ഏറ്റവും കൂടുതല്‍ ഗ്രേഡ് പോയിന്റ് കരസ്ഥമാക്കിയ രണ്ടാമത്തെ വനിതാ കോളജും കേരളത്തിലെ ഒന്നാമത്തെ വനിതാകോളജുമെന്ന പദവി സ്വന്തമാക്കി. 2019- 20, 2020- 21 അധ്യയന വര്‍ഷങ്ങളില്‍ കേരള ഗവണ്മെന്റിന്റെ ഇ ലേണിംഗ് അവാര്‍ഡും കരസ്ഥമാക്കി.
14 ഏക്കറില്‍ വിപുലമായ സംവിധാനങ്ങള്‍
60 വര്‍ഷം പിന്നിടുമ്പോള്‍ 16 ബിരുദാനന്തര ബിരുദ കോഴ്സുകളും 23 ബിരുദ കോഴ്സുകളും 3500 വിദ്യാര്‍ഥികളുമാണുള്ളത്. 300 അധ്യാപകരും 50 അനധ്യാപകരുമുണ്ട്. നാലു റിസര്‍ച്ച് സെന്ററുകളുമുണ്ട്. 1966 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മെയിന്‍ ബ്ലോക്കും അത്യാധുനിക സൗകര്യങ്ങളോടെയുള്ള മറ്റ് കെട്ടിടങ്ങളും നാലായിരം പേര്‍ക്ക് ഇരിക്കാവുന്ന ഇനഡോര് സ്റ്റേഡിയവും സെമിനാര്‍ ഹാളുകളും 2000 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും കോളജിനു സ്വന്തം. 14 ഏക്കറിൽ സ്ഥിതി ചെയ്യുന്ന കോളജിൽ ലൈബ്രറി, മലയാളം പുസ്തകങ്ങള്‍ക്കു മാത്രമായി ഒരു ബുക്ക് ടവര്‍, പുരാലിപികളുടെയും സംഗീതം, കല, ഗണിതം, ജ്യോതിശാസ്ത്രം തുടങ്ങിയവയുടെയും സമന്വയമായ സ്ക്രിപ്റ്റ് ഗാര്ഡന്, ഓപ്പണ്‍ ജിം, കൊച്ചിന് മ്യൂസിയം, സുവോളജി മ്യൂസിയം, ഹെര്‍ബേറിയം, സിന്തറ്റിക് കോര്‍ട്ട്, മാനുസ്ക്രിപ്റ്റ് റിസര്‍ച്ച് ആന്‍ഡ് പ്രിസര്‍വേഷന്‍ സെന്റര്‍, ഗ്രീന്‍മാറ്റ് ഐലാബ്, ബിസിനസ് ലാബ്, മീഡിയ ലാബ്, ലാംഗ്വേജ് ലാബ് തുടങ്ങി അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കോളജില്‍ എന്‍സിസിയുടെ അമ്പതാം വര്‍ഷം പ്രമാണിച്ചു പണിതീര്‍ത്ത അമര്‍ ജവാന് സ്മാരകം, ബൂട്ട് ഇന്‍ക്യുബേഷന്‍ സെന്റര്‍, സൈക്കോ പാര്‍ക്ക് തുടങ്ങിയവ ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.