കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, നിക്ഷപകന് ദയാവധത്തിന് അപേക്ഷ നല്കി
ജനുവരി 30 മഹാത്മജിയുടെ രക്തസാക്ഷി ദിനത്തില്‍ ദയാവധം അനുവധിക്കണമെന്നപേക്ഷ
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കില്‍ നിക്ഷപകന് പണം തിരിക ലഭിക്കാത്തതിനെ തുടര്‍ന്ന് ദയാവധത്തിന് ഹര്‍ജി നല്കി. മാപ്രാണം കുറുപ്പം റോഡില്‍ വടക്കേത്തല വീട്ടില്‍ അന്തോണി മകന് ജോഷി (53) ആണ് മുഖ്യമന്ത്രിക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ഇതു സംബന്ധിച്ച് ഹര്‍ജി നല്‍കിയത്. കരുവന്നൂര്‍ സഹകരണസംഘത്തിലെ തന്റേയും കുടുംബത്തിന്റേയും നിക്ഷേപങ്ങളും പലിശയും തിരികെ ലഭിക്കാത്തതിനാലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ സൂചിപ്പിച്ചിരിക്കുന്നത് ഇപ്രകാരമാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ രണ്ട് തവണ ട്യൂമര്‍ ഉള്‍പ്പെടെ 21 ശസ്ത്രക്രിയകളടക്കമുള്ള ദീര്‍ഘമായ ചികിത്സകള്‍ നടത്തിയിരുന്നു. ഏഴര വര്‍ഷം ഊന്നുവടികളില്‍ ആയിരിക്കുമ്പോള്‍ തുടങ്ങി രാപ്പകല്‍ അധ്വാനിച്ച ജോഷിയുടെയും കുടുംബത്തിന്റെയും മുഴുവന്‍ സമ്പാദ്യവും കരുവന്നൂര്‍ സഹകരണ ബാങ്കിലാണ് നിക്ഷേപിച്ചത്.
85.40 ലക്ഷം രൂപയാണ് കരുവന്നൂര്‍ ബാങ്കില്‍ നിന്നും ലഭിക്കാനുള്ളത്. ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും പലപ്പോഴായി ഇതിനുണ്ടായിരുന്നു. ദീര്‍ഘകാലം ഭക്ഷണത്തിന്റെ ഭാഗമായ മരുന്നുകള്‍ എന്റെ വൃക്കകളെയും കരളിനെയും ബാധിച്ചു തുടങ്ങിയിരിക്കയാല് ജോലി ചെയ്യാനാവാതായിരിക്കുന്നു. കരുവന്നൂര്‍ ബാങ്കും അതിന്റെ ജീവനക്കാരും കേരളത്തിന്റെ ഭരണസംവിധാനവും കൂടി തകര്‍ത്തത് എന്റെ ജീവിതവും സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. ഉന്നത വിദ്യാഭ്യാസമന്ത്രി കൂടിയായ ഇരിങ്ങാലക്കുട എംഎല്‍എ യോട് കാര്യം പറയാന്‍ പലവട്ടം ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. അഞ്ച് മാസത്തിലേറെ ആയിട്ടും ഷെഡ്യൂള്‍ഡ് ബാങ്കിലെ എന്റേയും കുടുംബത്തിന്റേയും അക്കൗണ്ടുകളില്‍ പണമെത്തിയില്ല.
മാതാപിതാക്കളുടെ മരണശേഷം സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ട തുക നല്കാനാവാതെ അവരുമായും, ഭാര്യാമാതാവിന്റെ നിക്ഷേപം കരുവന്നൂര്‍ ബാങ്കിലായതിന്റെ പേരില്‍ അവരും മനസികമായി അകല്‍ച്ചയിലായി. നന്നായി പോയിരുന്ന കുടുംബാന്തരീക്ഷം കരുവന്നൂര്‍ ബാങ്കും സഹകരണ വകുപ്പും കൂടി തകര്‍ത്തു തരിപ്പണമാക്കി. എന്റെ പണം തിരികെ കൊടുക്കരുതെന്ന് വാദിച്ചത് ബാങ്കിന്റെ വക്കീലിന്റെ കൂടെ സര്‍ക്കാര്‍ വക്കീലായിരുന്നു എന്ന ക്രൂരതയും ഞാന്‍ അനുഭവിച്ചു. തൃശൂര്‍ കളക്ടര്‍ക്കും നവകേരള സദസ്സിലും പരാതി കൊടുത്തുവെങ്കിലും തുവരെയും ഒരു തുടര്ടപടിയുമില്ല. എന്റേയും കുടുംബത്തിന്റെയും പണവും ബാങ്ക് വാഗ്ദാനം ചെയ്തപ്രകാരമുള്ള പലിശയും എന്നു തരുമെന്ന് യാതൊരു കൃത്യതയില്ലാത്ത ഒരു മറുപടിയാണ് സഹകരണ വകുപ്പിന്റെ മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും ഇന്നലെ തപാലില്‍ ലഭിച്ചത്.
പാര്‍ട്ടി ഏരിയ സെക്രട്ടറി നിര്‍ദ്ദേശിച്ചതനുസരിച്ചു ഹൈക്കോടതിയില്‍ കഴിഞ്ഞ വര്‍ഷം കേസ് കൊടുത്തു. നാളിതുവരെയായിട്ടും യാതൊരു തീരുമാനവും ഉണ്ടാകാതിരുന്ന സാഹചര്യത്തിലും, എറണാകുളത്തേക്ക് യാത്ര ചെയ്ത് കോടതി കാര്യങ്ങള്‍ അന്വേഷിക്കാനും വക്കീല്‍ ഓഫീസില്‍ പോകാനും ആര്യേഗ്യസ്ഥിതി അനുവദിക്കാത്തതിനാല്‍ ആ കേസ് പിന്‍വലിച്ചു. ട്യൂമര്‍ നീക്കം ചെയ്യുന്നതിനുള്ള ചികിത്സക്കിടെ എന്റെ ആശുപത്രി മുറിയിലെത്തിയ സഹകരണ വകുപ്പിലെ ജോയിന്റ് രജിസ്ട്രാര്‍ ശബരീദാസനും കരുവന്നൂര്‍ ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ രവീന്ദ്രനും മാനേജര്‍ ബൈജുവും കൂടി ഉറപ്പു തന്നതാണ്, ഒരാഴ്ചക്കുള്ളില്‍ എന്റെയും കുടുംബത്തിന്റെയും മുഴുവന്‍ നിക്ഷേപവും പലിശയും തിരികെ തരാമെന്ന്. സഹകരണ വകുപ്പ് മന്ത്രിയുടെ വാഗ്ദാനമാണ് ഇവര്‍ കൈമാറിയത്. പിന്നീട് പലവട്ടം മാനേജരോട് ഇതേപ്പറ്റി അന്വേഷിച്ചെങ്കിലും ക്രൂരായ പരിഹാസമായിരുന്നു മറുപടി. ഒളിവിലിരുന്ന കാലത്ത് 9 വയസ്സുണ്ടായിരുന്ന എന്റെ അമ്മ മുന്‍ മുഖ്യ മന്ത്രി ഇഎംഎസിന് ഭക്ഷണം വിളമ്പിയതും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നുണ്ട്. തന്റെ തുടര്‍ചികിത്സയും മക്കളുടെ വിദ്യാഭ്യാസവും കുടുംബത്തിലെ തമ്മിലുള്ള സാമ്പത്തിക ചുമതലകളും കുടുബചിലവുകളും എല്ലാം താറുമാരായിരിക്കുന്നു. കടുത്ത വേദനകള്‍ അറിയാത്ത വിധം ശരീരം മാറിയിരിക്കുന്നു. ഇത്തരം അവസ്ഥയില്‍ മരണമല്ലാതെ മറ്റൊരു വഴിയും എന്റെ മുന്നിലില്ല. എന്നു സൂചിപ്പിച്ചുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.
ഇനിയും ബാങ്ക് അധികാരികളുടേയും സര്‍ക്കാരിന്റെയും മുന്നില്‍ യാചിച്ചിട്ടു കാര്യമില്ലാത്തതിനാലും മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലും എന്റെ ജീവിതം കോടതി അറിവോടെ ജനുവരി 30നു അവസാനിപ്പിക്കാം എന്നു ഞാന്‍ തീരുമാനിച്ചിരിക്കുന്നതായും ആയതിനാല്‍ ഇതൊരു ദയാവധത്തിനുള്ള അനുമതിക്കുള്ള ഹര്‍ജിയായി സ്വീകരിച്ച് അനുവാദം തരണമെന്നുമാണ് അപേക്ഷയിലുള്ളത്.