വേണുജിയുടെ മുദ്രയ്ക്ക് പ്രഥമ സിഎംഎസ് ചന്തേര സ്മാരക ഗവേഷണ പുരസ്കാരവും പൂനെയിലെ ഇന്റര്‍നാഷണല്‍ ഓതേഴ്സ് ഏര്‍പ്പെടുത്തിയിട്ടുളള മികച്ച ഗ്രന്ഥത്തിനുളള ഗോള്‍ഡന്‍ ബുക്ക് അവാര്‍ഡും
സംഘവഴക്ക ഗവേഷണ പീഠത്തിന്റെ പ്രഥമ സിഎംഎസ് ചന്തേര സ്മാരക ഗവേഷണ പുരസ്കാരവും പൂനെയിലെ ഇന്റര്‍നാഷണല്‍ ഓതേഴ്സ് ഏര്‍പ്പെടുത്തിയിട്ടുളള മികച്ച ഗ്രന്ഥത്തിനുളള ഗോള്‍ഡന്‍ ബുക്ക് അവാര്‍ഡും
ഇരിങ്ങാലക്കുട: വേണുജിയുടെ മുദ്രയ്ക്ക് സംഘവഴക്ക ഗവേഷണ പീഠത്തിന്റെ പ്രഥമ സിഎംഎസ് ചന്തേര സ്മാരക ഗവേഷണ പുരസ്കാരവും പൂനെയിലെ ഇന്റര്‍നാഷണല്‍ ഓതേഴ്സ് ഏര്‍പ്പെടുത്തിയിട്ടുളള മികച്ച ഗ്രന്ഥത്തിനുളള ഗോള്‍ഡന്‍ ബുക്ക് അവാര്‍ഡും. പ്രശസ്ത ശില്പി ഉണ്ണി കാനായി രൂപകല്പന ചെയ്ത നാട്യമുദ്ര ശില്പവും 35000 രൂപയും അടങ്ങുന്നതാണ് പ്രഥമ ചന്തേര സ്മാരക പുരസ്കാരം. കഥകളി, കൂടിയാട്ടം മോഹിനിയാട്ടം എന്നിവയിലെ 1341 കൈമുദ്രകളുടെ ആലേഖനമാണ് 744 പേജുകളിലായി ദി ലാംഗ്വേജ് ഓഫ് കൂടിയാട്ടം, കഥകളി ആന്റ് മോഹിനിയാട്ടം ക്ലാസിക്കല്‍ തിയേറ്റര്‍ ആന്റ് ഡാന്‍സ് ഓഫ് കേരള എന്ന നടനകൈരളി വഴി പ്രകാശിതമായ വേണു ജിയുടെ ഗവേഷണ ഗ്രന്ഥം. 1341 കൈമുദ്രകളുടെ നൊട്ടേഷന്‍ വേണോട്ടേഷന് എന്നാണ് പേരിട്ടിട്ടുള്ളത്. നാട്യശാസ്ത്ര പഠനത്തിനും മുദ്ര അഭ്യസനത്തിനും ഗവേഷണത്തിനും ജീവിതം മുഴുവന്‍ സമര്‍പ്പിച്ച കലാകാരനാണ് വേണു ജി. കൂടിയാട്ടം, കഥകളി, മോഹിനിയാട്ടം, കൃഷ്ണനാട്ടം തുടങ്ങി കലാരംഗത്ത് അദ്ദേഹവും കുടുംബവും നല്കിയ സമഗ്ര സംഭാവനയും മുദ്രപഠനവും പരിഗണിച്ചാണ് വേണുജിക്ക് സംഘവഴക്ക ഗവേഷണ പീഠം ഏര്‍പ്പെടുത്തിയ പ്രഥമ ചന്തേര സ്മാരക ഗവേഷണ പുരസ്കാരം നല്‍കുന്നത്. നാളെ വൈകീട്ട് 5.30ന് അഴീക്കോട്ട് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഗോവ ഗവര്‍ണ്ണര്‍ അഡ്വ. പി. എസ്. ശ്രീധരന്‍പിളള പുരസ്കാരം സമ്മാനിക്കും. പൂനെയിലെ ഇന്റര്‍നാഷണല്‍ ഓതേഴ്സ് ഏര്‍പ്പെടുത്തിയിട്ടുളള മികച്ച ഗ്രന്ഥത്തിനുളള ഗോള്‍ഡന്‍ ബുക്ക് അവാര്‍ഡ് 17ന് പൂനെയില്‍ വച്ച് നല്‍കും. തിരുവനന്തപുരം പാപ്പനംകോട്ട് 1945 ല്‍ ചിറ്റൂര്ഗോപാലന് നായരുടെയും വി. സുമതിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു.
പതിനൊന്നാം വയസ്സില്‍ കഥകളിയും ഇരുപത്തിയൊന്നാം വയസ്സില്‍ ക്രിയേറ്റീവ് ഡാന്‍സും മുപ്പത്തിയേഴാം വയസ്സില്‍ കൂടിയാട്ടവും പഠിച്ചെടുത്തു. കീരിക്കാട്ടു ശങ്കരപ്പിള്ളയില്‍ നിന്നു കഥകളിയും ഗുരുഗോപിനാഥില്‍ നിന്നും ക്രിയേറ്റീവ് ഡാന്‍സും ഗുരു ചെങ്ങന്നൂര്‍ രാമന്‍പിള്ളയില്‍ നിന്ന് കഥകളി മുദ്രയും ഗുരു അമ്മന്നൂര്‍ മാധവ ചാക്യാര്‍, ഗുരു അമ്മന്നൂര്‍ പരമേശ്വര ചാക്യാര്‍ എന്നിവരില്‍ നിന്ന് കൂടിയാട്ടവും അഭ്യസിച്ചു. ഗുരു ഗോപിനാഥിന്റെിശ്വകലാകേന്ദ്രത്തിലും പഠനം നടത്തിയിരുന്നു. കഥകളിയിലെ തെക്കന്‍ ചിട്ടയില്‍ വിശേഷ പഠനം. കഥകളി മുദ്രകള്‍ നൊട്ടേഷന്‍ സിസ്റ്റം വഴി രേഖപ്പെടുത്തിക്കൊണ്ടാണ് മുദ്ര ഗവേഷണപഠനം ആരംഭിച്ചത്. വേണുജിയുടെ നേതൃത്വത്തില്‍ 1975ല്‍ നടനകൈരളി സ്ഥാപിച്ചു.
കാക്കാരശിനാടകം, പടയണി, മുടിയേറ്റ്, കാളിയൂട്ട്, തെയ്യം, തിറതുടങ്ങിയ കേരളീയ അനുഷ്ഠാനങ്ങളും നാടന്‍ കലകളും സൂക്ഷ്മമായി നിരീക്ഷിച്ചു പഠിച്ചു ഗവേഷണം നടത്തി. പാരമ്പര്യ കലകളായ തോല്‍പ്പാവക്കൂത്തും പാവ കഥകളിയും പുനരുദ്ധരിക്കുന്നതിലും വേണുജി മുന്നിട്ടിറങ്ങി. പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി നിര്‍മ്മല പണിക്കര്‍ ജീവിത സഖിയായതോടെ അവര്‍ക്കൊപ്പം ചേര്‍ന്ന് നടത്തിയ ഗവേഷണ പ്രവര്‍ത്തനങ്ങളും എടുത്തു പറയേണ്ടതാണ്. മകള്‍ പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണു. ഭാരതീയ നാട്യ ശാസ്ത്രത്തിനും കേരളീയ അനുഷ്ഠാനത്തിന്നും വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച കലാ കുടുംബത്തിന്റെ നാഥനാണ് ഗോപാലന് നായര്‍ വേണു എന്ന വേണു ജി.