ചരിത്ര നേട്ടവുമായി ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ്: അഞ്ച് ബിടെക് പ്രോഗ്രാമുകള്‍ക്കും എന്‍ബിഎ അക്രഡിറ്റേഷന്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ എല്ലാ ബ്രാഞ്ചുകള്‍ക്കും അന്താരാഷ്ട്ര നിലവാരത്തിന്റെ അംഗീകാര മുദ്രയായ എന്‍. ബി. എ. അക്രഡിറ്റേഷന് ലഭിച്ചു. സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് , ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് എന്നീ ബിടെക് കോഴ്സുകളാണ് എന്‍ബിഎയുടെ അക്രഡിറ്റഡ് പട്ടികയില്‍ ഇടം നേടിയത്. എന്‍ബിഎ നിയോഗിച്ച പതിനൊന്നംഗ വിദഗ്ധ സമിതി ഡിസംബറില്‍ നടത്തിയ വിലയിരുത്തലിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അധ്യയന പ്രക്രിയ, പ്ലേസ്മെന്റ്, വിജയശതമാനം, ലാബ് സൗകര്യങ്ങള്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍, കണ്‍സള്‍ട്ടന്‍സി തുടങ്ങിയവ സമിതിയുടെ വിശദമായ വിലയിരുത്തലിന് വിധേയമായി.
രാജ്യത്തെ എന്‍ജിനീയറിംഗ്, മാനേജ്മെന്റ് മേഖലകളിലെ കോളജുകളുടെ ഗുണനിലവാരം ഉറപ്പാക്കാനായി വാഷിങ്ടണ്‍ അക്കോര്‍ഡ് പ്രകാരം രൂപീകരിക്കപ്പെട്ട സ്ഥാപനമാണ് നാഷണല്‍ ബോര്‍ഡ് ഓഫ് അക്ക്രഡിറ്റേഷന്‍ (എന്‍ബിഎ). എന്‍ബിഎയുടെ അംഗീകാരമുള്ള പ്രോഗ്രാമുകള്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് അക്കോര്‍ഡില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ പഠനത്തിനും തൊഴിലിനും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. ഗവേഷണ ഫണ്ടുകള്‍ ലഭിക്കാനും, സ്വയം ഭരണ പദവിയിലേക്കുള്ള വളര്‍ച്ചയ്ക്കും കോളജിന് എന്‍ബിഎ അക്രഡിറ്റേഷന് സഹായകമാകും. പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, ഡയറക്ടര്‍ റിസര്‍ച്ച് ഡോ. എലിസബത്ത് ഏലിയാസ്, ഡയറക്ടര്‍ അക്കാദമിക്സ് ഡോ. മനോജ് ജോര്‍ജ്, ഐക്യു എസി കോ ഓര്‍ഡിനേറ്റര്‍ ഡോ. കാരന് ബാബു, വിവിധ വിഭാഗങ്ങളുടെ മേധാവിമാരായ ഡോ. എം.ടി. സിജോ, ഡോ. വിന്‍സ് പോള്‍, ഡോ. എ.എന്‍. രവിശങ്കര്‍, ഡോ. എം.ജി. കൃഷ്ണപ്രിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്ക്രഡിറ്റേഷന്‍ പ്രക്രിയയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കിയത്.
2015 ല്‍ സ്ഥാപിതമായ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ അഞ്ച് പഠന വിഭാഗങ്ങളിലായി ആയിരത്തി ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ധാരണാ പത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈക്കോണ്‍, നെസ്റ്റ്, ഗ്രഫീന്‍ ഓട്ടോമേഷന്‍, മാറ്റര്‍ ലാബ്സ് എന്നിങ്ങനെ ഇരുപത്തൊന്ന് കമ്പനികളുമായി യോജിച്ച്ഗവേഷണ, പരിശീലന പരിപാടികള്‍ നടന്നു വരുന്നു. ഡിഎസ്ടി, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എന്നിങ്ങനെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളില്‍ നിന്നായി ഫണ്ടഡ് പ്രോജക്ടുകള്‍ക്കും കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനങ്ങള്‍ക്കുമായി അന്‍പത് ലക്ഷത്തിലേറെ രൂപയാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ കോളജിന് ലഭിച്ചത്. സിംഗപ്പൂര്‍ അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ ചലഞ്ച്, സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍, എസ്എഇ ഇബാഹ, യങ് ഇന്നവേറ്റെഴ്സ് പ്രോഗ്രാം എന്നിവയടക്കം നിരവധി ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ മികവ് തെളിയിച്ചിട്ടുണ്ട്.
അക്കാദമിക് പെര്‍ഫോമന്‍സ് ഇന്‍ഡക്സില്‍ കേരളത്തിലെ എന്‍ജിനീയറിംഗ് കോളജുകളില്‍ അഞ്ചാമതും സ്വകാര്യ കോളജുകളില്‍ ഒന്നാമതും എത്താന്‍ ക്രൈസ്റ്റിന് കഴിഞ്ഞു. കോളജില്‍ ചേര്‍ന്ന അനുമോദന യോഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ ഉദ്ഘാടനം ചെയ്തു. നിലവാരമുള്ള അധ്യയനവും കാലാനുസൃതമായ പ്രായോഗിക പരിശീലനവും വഴി ഫലാധിഷ്ടിത വിദ്യാഭ്യാസം ( ഔട്കം ബേസ്ഡ് എജ്യൂക്കേഷന്‍ ) നടപ്പിലാക്കിയതിലെ മികവിനാണ് കോളേജിന് ഈ അംഗീകാരം ലഭിച്ചതെന് അദ്ദേഹം പറഞ്ഞു. ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ. ആന്റണി ഡേവിസ്, ഫാ. മില്‍നര്‍ പോള്‍ വിതയത്തില്‍ എന്നിവര്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും അനുമോദിച്ചു.