ക്രൈസ്റ്റ് കോം ദേശീയ ക്വിസ് മത്സരം സംഘടിപ്പിച്ചു
ഫാക്കല്‍റ്റി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, ഡല്‍ഹി ഒന്നാം സ്ഥാനവും മദ്രാസ് ഐഐടി രണ്ടം സ്ഥാനവും നേടി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ക്രൈസ്റ്റ് കോം എന്ന പേരില്‍ സംഘടിപ്പിച്ച ദേശീയ ക്വിസ് മത്സരത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള ഫാക്കല്‍റ്റി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ചാമ്പ്യന്മാരായി. കൊമേഴ്സ് ഫിനാന്‍സ് സ്വാശ്രയ വിഭാഗമാണ് ക്രൈസ്റ്റ് കോം ക്വിസ് സംഘടിപ്പിച്ചത്. രണ്ടു ഘട്ടങ്ങളിലായി നടന്ന ക്വിസ് മത്സരത്തില്‍ ആദ്യഘട്ടം ഓണ്‍ലൈന്‍ വഴിയും രണ്ടാംഘട്ടം കോളജ് ഓഡിറ്റോറിയത്തിലും സംഘടിപ്പിച്ചു. പ്രാഥമിക ഘട്ടത്തില്‍ ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നായി 27 ടീമുകള്‍ പങ്കെടുത്തു. അവസാനഘട്ടത്തിലേക്ക് 16 ടീമുകളും തുടര്‍ന്ന് ഫൈനലിലേക്ക് എട്ട് ടീമുകളും തെരഞ്ഞെടുക്കപ്പെട്ടു. കോളജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ട ഫൈനല്‍ റൗണ്ടില്‍ ഫാക്കല്‍റ്റി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, ഡല്‍ഹി വിജയികളായി. 50,000 രൂപയും പ്രശസ്തി പത്രവുമാണ് ഒന്നാം സമ്മാനമായി നല്‍കിയത്. രണ്ടാം സ്ഥാനത്ത് എത്തിയ മദ്രാസ് ഐഐടി, 25000 രൂപയും പ്രശസ്തിപത്രവും സ്വന്തമാക്കി. മൂന്നാം സ്ഥാനം നേടി കോഴിക്കോട് ഐഐഎം പതിനായിരം രൂപയും പ്രശസ്തിപത്രവും കരസ്ഥമാക്കി. നിരവധി ടെലിവിഷന്‍ ക്വിസ് പരിപാടികളിലൂടെ ദേശീയ തലത്തില്‍ ശ്രദ്ധേയനായ മേജര്‍ ചന്ദ്രശേഖരന് നായര്‍ ആയിരുന്നു ക്വിസ് മാസ്റ്റര്‍. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷനായിരുന്നു. കെപിഎല്‍ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍ ജോസ് ജോണ്‍ കണ്ടംകുളത്തി ഉദ്ഘാടനം നടത്തി. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, വൈസ് പ്രിന്‍സിപ്പല്‍ ഷീബ വര്‍ഗീസ്, ഡയറക്ടര്‍ റവ.ഡോ. വില്സന് തറയില്‍, കോഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന് എന്നിവര്‍ പ്രസംഗിച്ചു. കെ.ജെ. പയസ് കണ്ടംകുളത്തി സമ്മാനദാനം നിര്‍വഹിച്ചു. പരിപാടിയുടെ മുഖ്യ സംഘാടകന്‍ പ്രഫ. കെ.ജെ. ജോസഫ് നന്ദി പറഞ്ഞു.