അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; ഫെസ്റ്റിവല്‍ ഗൈഡും ഷെഡ്യൂളും ബാഗും പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: സമാന്തര സിനിമാ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ട് പോകുന്നതില്‍ വികേന്ദ്രീകരിക്കപ്പെട്ട ചലച്ചിത്ര മേളകള്‍ക്ക് നിര്‍ണ്ണായകമായ പങ്കാണുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അഭിപ്രായപ്പെട്ടു. 19 മത് തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മുന്നോടിയായി നാളെ മുതല്‍ 14 വരെ ഇരിങ്ങാലക്കുട മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി നടക്കുന്ന അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഗൈഡിന്റെയും ഫെസ്റ്റിവല്‍ ഷെഡ്യൂളിന്റെയും പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ ആസ്വാദകരിലേക്ക് മികച്ച ചിത്രങ്ങള്‍ എത്തിച്ചേരാന്‍ ഇവ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവല്‍ ഡെലഗേറ്റുകള്ക്കായി നല്കുന്ന ബാഗിന്റെ പ്രകാശനം വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റ് ട്രഷറര്‍ വി.കെ. അനില്‍കുമാര്‍ ക്രൈസ്റ്റ് കോളേജിലെ കൊട്ടക ഫിലിം ക്ലബ് അംഗങ്ങള്‍ക്ക് നല്കി നിര്‍വഹിച്ചു. ക്രൈസ്റ്റ് കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകന് പ്രഫ. ബിബിന്‍ തോമസ്, ഫിലിം സൊസൈറ്റി സെക്രട്ടറി നവീന്‍ ഭഗീരഥന്, ട്രഷറര്‍ ടി.ജി. സച്ചിത്ത്, ജോയിന്റ് സെക്രട്ടറി ജോസ് മാമ്പിള്ളി, എക്സിക്യൂട്ടീവ് അംഗങ്ങളായ രാധാകൃഷ്ണന് വെട്ടത്ത്, എം.ആര്. സനോജ് മാസ്റ്റര്‍, എം.എസ്. ദാസന്, കൊട്ടക ഫിലിം ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.