ഒരുപിടി ചാരമാകാന്‍ ചിതയൊരുക്കുകയാണ് പെണ്‍കരുത്തുമായി ബിന്ദു
ഇരിങ്ങാലക്കുട: ഒരു പിടി ചാരമാകുക അല്ലെങ്കില്‍ മണ്ണിലേക്ക് മടങ്ങുക എന്നത് ഏതൊരു മൃതദേഹത്തിന്റെയും അവകാശമാണ്, അതിനായി ഇവിടെ ഒരു സ്ത്രീ ശ്മശാനത്തില്‍ പാടുപെടുകയാണ്. ജീവിതമെന്ന യാഥാര്‍ഥ്യത്തില്‍ പ്രാരാബ്ധങ്ങള്‍ വെല്ലുവിളിയായി മുമ്പില്‍ വന്നപ്പോള്‍ പകച്ചു നില്‍ക്കാതെ തന്നെക്കൊണ്ട് സാധിക്കാത്തതായി ഒന്നുമില്ല എന്ന മനസുറപ്പോടെ തെളിയിക്കുകയായിരുന്നു ബിന്ദു.
സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ബിന്ദുവെന്ന നാല്പത്തിയാറുകാരി ഈ ജോലിയിലേക്ക് വരുന്നതിന് കാരണമായത്. പുരുഷന്മാര് പോലും ജോലി ചെയ്യാന്‍ മടിക്കുന്ന പൊതുശ്മശാനത്തില്‍ ജോലി ചെയ്ത് പെണ്‍കരുത്തിന്റെ പ്രതീകമാവുകയാണ് ഈ വനിത. ഇരിങ്ങാലക്കുടയ്ക്കടുത്ത് പൂമംഗലം ഗ്രാമപഞ്ചായത്തിലെ വാതകശ്മശാനമായ ശാന്തിതീരത്തിന്റെ ചുമതലക്കാരിയാണ് ബിന്ദു. 2022 നവംബര്‍ 27 നാണ് ആധുനികശ്മശാനം ഉദ്ഘാടനം ചെയ്തത്.
അന്നു മുതല്‍ ഇന്നുവരെ സ്വന്തം അമ്മയുടേതടക്കം 336 മൃതദേഹങ്ങളാണ് ബിന്ദു സംസ്കരിച്ചത്. ബിന്ദുവിന് ഇത് ജോലി മാത്രമല്ല, ജീവിതവുമാണ്. പൂമംഗലം ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍ എടക്കുളം സെന്റ് മേരീസ് സ്കൂളിനു സമീപം താമസിക്കുന്ന ബിന്ദു കോവിഡിനു മുന്‍പുവരെ വീട്ടുജോലിക്ക് പോയിരുന്നു. 2018 ലും 2019 ലും ഉണ്ടായ പ്രളയത്തില്‍ വീടു മുങ്ങി പോയിരുന്നു 21 ദിവസം ദുരിതാശ്വാസ ക്യമ്പിലാണ് കഴിഞ്ഞിരുന്നത്.
2021ല്‍ മൂന്നു തവണ കൊറോണ പിടിപെട്ടിരുന്നു. കൊറോണ വ്യാപനത്തോടെ നിയന്ത്രണങ്ങള്‍ വന്നതോടെ ജോലി നഷ്ടമായി. പിന്നീട് തൊഴിലുറപ്പുജോലിക്ക് കുറച്ചുകാലം പോയി. അലര്‍ജിമൂലം അതും ഉപേക്ഷിക്കേണ്ടിവന്നു. ഭര്‍ത്താവ് ശിവദാസന്‍ കൂലിപ്പണിയെടുത്താണ് കുടുംബത്തെ മുന്‍പോട്ടു കൊണ്ടുപോയിരുന്നത്. മൂന്നു സെന്റില്‍ ഒറ്റമുറിവീട്ടിലാണ് ബിന്ദുവും കുടുംബവും കഴിയുന്നത്.
സാമ്പത്തിക ബാധ്യത ഏറിയതോടെ ഒരു ജോലി അത്യാവശ്യമായിരുന്നു. അതുകൊണ്ടാണ് ഈ ജോലിക്കു വേണ്ടി പഞ്ചായത്തില്‍ അപേക്ഷിച്ചത്. പുരുഷന്മാരായിരുന്നു ഇന്റര്‍വ്യുവിന് കൂടുതലും. സ്വന്തം വാര്ഡായതും സ്ത്രീകള്‍ക്ക് പഞ്ചായത്ത് മുന്‍ഗണന നല്കിയതും ബിന്ദുവിന് ഗുണമായി. ജോലി ഉറപ്പായപ്പോള്‍ ആദ്യം മക്കളോട് അനുവാദം ചോദിച്ചു. ഭര്‍ത്താവും മക്കളും സമ്മതം നല്കി. ജോലിയില്ലാത്ത ദിവസങ്ങളില്‍ ഭര്‍ത്താവും അവധിദിവസങ്ങളില്‍ മക്കളും സഹായത്തിനെത്തും.
ഓരോ സംസ്കാരം കഴിയുമ്പോഴും അതിന്റെ ചാരം കുടത്തിലാക്കി മാറ്റിവെക്കുന്നത് ബിന്ദുതന്നെയാണ്. ബന്ധുക്കള്‍ ഇതു കൊണ്ടുപോകുന്നതുവരെ ഓഫീസ്മുറിയില്‍ സൂക്ഷിക്കും. ഇതിനരികിലാണ് ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് കിടന്നുറങ്ങുക. നല്ല രീതിയിലാണ് ജോലി മുമ്പോട്ട് പോകുന്നതെന്നും താന്‍ വളരെ സന്തോഷത്തോടെയാണ് ജോലി ചെയ്യുന്നതെന്നും കുടുംബം പുലര്‍ത്താന്‍ ഇവിടെ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് സാധിക്കുന്നുണ്ടെന്നും ബിന്ദു പറഞ്ഞു.
മരണമെന്ന യാഥാര്‍ഥ്യത്തെ മറികടക്കാന്‍ ബിന്ദുവിനു കൂട്ട് കവിതകളാണ്. സ്കൂള്‍തലം മുതല്‍ പാട്ടിലും കവിതയിലുമെല്ലാം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഇപ്പോഴും പാടാന്‍ കിട്ടുന്ന ഒരു വേദിയും ഒഴിവാക്കാറില്ല. ചെറുകവിതകളെഴുതാറുണ്ടെങ്കിലും പ്രസിദ്ധീകരിക്കാന്‍ അയച്ചുകൊടുത്തിട്ടില്ല. ശാന്തിതീരത്തു വന്നാല്‍ ഒഴിവുസമയങ്ങളിലാണ് ബിന്ദു പാട്ടുപരിശീലനവും കവിതയെഴുത്തുമൊക്കെ നടത്തുക.
ഡിപ്ലോമക്കു പഠിക്കുന്ന അശ്വന്ത്, ശ്രദ്ധ എന്നിവരാണ് മക്കള്‍. ഏത് ജോലിയായാലും സ്ത്രീകള്‍ മുമ്പോട്ട് വരുകയും, പുരുഷന് ചെയ്യുന്ന ജോലി എന്തുകൊണ്ട് സ്ത്രീയ്ക്ക് ചെയ്തുകൂടാ, ചെയ്യാന്‍ പറ്റും എന്ന ദൃഢനിശ്ചയവും സ്ത്രീകളില്‍ ഉണ്ടാകണമെന്ന സന്ദേശമാണ് ബിനദു ഇന്നത്തെ സ്ത്രീ തലമുറയ്ക്കായി നല്‍കുന്നത്.