ഠാണ – ചന്തക്കുന്ന് വികസനത്തിലെ സുവര്‍ണ്ണ മുഹൂര്‍ത്തം: മന്ത്രി ഡോ. ബിന്ദു

ഠാണ- ചന്തക്കുന്ന് ജംഗ്ഷന് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ നഷ്ടപ്രതിഫല തുകയുടെ അവാര്‍ഡ് വിതരണം ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഠാണ ചന്തക്കുന്ന് ജംഗ്ഷന് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ നഷ്ടപ്രതിഫല തുകയുടെ അവാര്‍ഡ് വിതരണം ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു നിര്‍വ്വഹിച്ചു. പുരധിവാസ പാക്കേജ് വിതരണവും മന്ത്രി നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ പശ്ചാത്തല സൗകര്യവികസന പ്രവര്‍ത്തനങ്ങളിലെ സുവര്‍ണ്ണ മുഹൂര്‍ത്തമാണിതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഠാണചന്തക്കുന്ന് ജംഗ്ഷന് വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കപ്പെടുന്നവര്ക്കും തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കുമുള്ള നഷ്ടപ്രതിഫല തുകയുടെ അവാര്‍ഡാണ് മന്ത്രിയും നിയോജക മണ്ഡലം എംഎല്‍എയുമായ ഡോ. ആര്. ബിന്ദു കൈമാറിയത്.
ഗുണഭോക്താക്കള്‍ക്ക് ട്രഷറിയില്‍ നിന്ന് തുക അവരുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് കൈമാറുന്നത്. ഹാജരാക്കിയ രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം തുക അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കാണ് നഷ്ടപരിഹാര തുകയുടെ അവാര്‍ഡ് വിതരണം മന്ത്രി ഡോ. ആര് ബിന്ദു നിര്‍വ്വഹിച്ചത്. സുഗമമായി ഭൂമി ഏറ്റെടുക്കല്‍ നടപടികളും നഷ്ടപരിഹാര വിതരണവും പൂര്‍ത്തിയാകുന്നതോടെ ഠാണചന്തക്കുന്ന് ജംഗ്ഷന് വികസനം അതിവേഗം യാഥാര്‍ത്ഥ്യമാകുമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
ഇരിങ്ങാലക്കുട സിവില്‍സ്റ്റേഷനിലെ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് ഹരീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട ആര്‍ഡിഒ എം കെ ഷാജി, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പള്ളി, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി വി ബിജി, ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എല്‍.എ അമൃതവല്ലി, ജനറല്‍ തഹസില്‍ദാര്‍ ടി സുനില്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.