പശ്ചിമഘട്ടത്തില്‍ നിന്നും നാല് പുതിയ ഇനം ചിലന്തികളെ കണ്ടെത്തി
ഇരിങ്ങാലക്കുട: പശ്ചിമഘട്ടമലനിരകള്‍ ജൈവവൈവിധ്യത്തിന്റെ അക്ഷയപാത്രമാണെന്ന് അടിവരയിടുന്ന കണ്ടെത്തലുമായി മലയാളി ഗവേഷകര്‍. തമിഴ്നാട്ടിലെ കന്യാകുമാരിയിലും കേരളത്തിലെ വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ മലനിരകളിലും നടത്തിയ പഠനത്തിലാണ് പുതിയ ഇനം ചിലന്തികളെ കണ്ടെത്തിയത്. കന്യാകുമാരിയിലെ അപ്പര്വിക്ടറി എസ്റ്റേറ്റിലെ പുല്‍മേടുകളില്‍ നടത്തിയ പഠനത്തിലാണ് ചാട്ടചിലന്തി കുടുംബത്തില്‍ വരുന്ന പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയത്.
ഇന്ഡൊപാടില്ല കന്യാകുമാരി എന്ന് പേരിട്ടിരിക്കുന്ന ഈ ചിലന്തിക്ക് തേളിന്റെ ശരീരത്തിനോട് സാമ്യമുണ്ട്. ഏകദേശം ഏഴ് മില്ലിമീറ്റര്‍ നീളമുള്ള ആണ്‍ചിലന്തിയുടെ തിളങ്ങുന്ന കറുത്തനിറത്തിലുള്ള ശരീരത്തിന്റെ വശങ്ങളിലായി മഞ്ഞനിറത്തിലുള്ള അടയാളങ്ങള്‍ കാണാം. തലയുടെ മുകള്‍ഭാഗത്തായി വെളുത്തരോമങ്ങളും കണ്ണുകള്കള്ക്കുചുറ്റും തവിട്ടു നിറത്തിലുള്ള രോമങ്ങളും ഉണ്ട്. നീളംകൂടിയ ആദ്യജോഡി കാലുകള്‍ കറുത്തനിറത്തിലുള്ളതും ബാക്കി മൂന്ന് ജോഡി കാലുകള്‍ ഇളംതവിട്ടുനിറത്തിലുള്ളതുമാണ്. ഏകദേശം ആറ് മില്ലിമീറ്റര്‍ നീളമുള്ള പെണ്‍ചിലന്തിയുടെ ഉദരഭാഗം ഇളംതവിട്ടുനിറത്തിലും ശിരസ്സ് ഇളംമഞ്ഞനിറത്തിലുമാണ്. വെളുത്ത രോമാവൃതമായ ശരീരത്തില്‍ കറുത്തകുത്തുകള്‍ കാണാം. കണ്ണുകള്‍ക്ക് ചുറ്റും കറുത്തപാടുകളുള്ള ഇവയുടെ കാലുകള്‍ എല്ലാം ഇളംമഞ്ഞനിറത്തിലുള്ളതാണ്. പുല്‍മേടുകളിലും മറ്റുംകാണുന്ന ചെറിയപ്രാണികളെയാണ് ഇവ ഭക്ഷണമാക്കുന്നത്.
വയനാട്ടിലും കാസര്‍ഗോഡും നടത്തിയ പഠനത്തില്‍ നീണ്ടതാടിക്കാരന് ചിലന്തികുടുംബത്തില് വരുന്ന മൂന്നിനം ചിലന്തികളെ ഇന്ത്യയില്‍നിന്നും ആദ്യമായിട്ടാണ് കണ്ടെത്തുന്നത്. ഇരയെ പിടിച്ചു കീഴടക്കാന്‍ ഉപയോഗിക്കുന്ന അവയവങ്ങള്‍ നീണ്ടിരിക്കുന്നതുകൊണ്ടാണ് ഈ ചിലന്തിക്ക് ഈ പേരുവന്നിരിക്കുന്നത്. വട്ടത്തില്‍ വലനെയ്തു പുല്നാമ്പുകള്ക്കടിയില് ഒളിച്ചിരുന്ന് ഇരപിടിക്കുകയാണ് ഇവ ചെയുന്നത്. വളരെ നീളമേറിയ ശരീരമുള്ള ഇവയുടെ കാലുകളും നീളമുള്ളതാണ്. ഈ ഇനത്തില്‍ വരുന്ന ടെട്രഗ്നത ജാക്കുലേറ്റര്, ടെട്രഗ്നത ലൗട്ട, ടെട്രഗ്നത സെറ എന്നീ ചിലന്തികളെയാണ് ഇന്ത്യയില്‍ നിന്നും ഇതാദ്യമായി കണ്ടെത്തുന്നത്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്രവിഭാഗം മേധാവി ഡോ. സുധികുമാര്‍ എ.വി.യുടെ നേതൃത്വത്തില്‍ നടത്തിയ ഈ പഠനത്തില്‍ ഗവേഷണ വിദ്യാര്‍ഥികളായ ഋഷികേശ് ത്രിപാഠി, അഞ്ചു കെ. ബേബി, ഗൗതം കദം, സുധിന്‍ പി.പി. എന്നിവര്‍ പങ്കാളികളായി. ഈ കണ്ടെത്തലുകള്‍ ഇംഗ്ലണ്ടില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന അന്താരാഷട്ര ശാസ്ത്രമാസികയായ ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് അരക്നോളജിയുടെ അവസാനലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.. ദേശിയ ശാസ്ത്രസാങ്കേതിക വകുപ്പിന്റെയും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെയും സാമ്പത്തിക സഹായത്തോടെയാണ് ഈ പഠനങ്ങള്‍ നടത്തിയത്.