അഴീക്കോട് മാര്‍തോമ തീര്‍ഥാടന കേന്ദ്രത്തിലേക്ക് നോമ്പുകാല തീര്‍ഥാടന പദയാത്ര നടത്തി
ഇരിങ്ങാലക്കുട: യേശുവിന്റെ പീഢാനുഭവങ്ങളുടെ സ്മരണയെ ഉണര്‍ത്തി, കൈകളില്‍ ജപമാലയും കുരിശുമേന്തി പരിത്യാഗത്തിന്റെ സന്ദേശവുമായി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ വിശ്വാസികള്‍ അഴീക്കോട് മാര്‍തോമ തീര്‍ഥാടന കേന്ദ്രത്തിലേക്ക് നോമ്പുകാല തീര്‍ഥാടന പദയാത്ര നടത്തി. വിശ്വാസത്തിന്റെയും നോമ്പാചരണത്തിന്റെയും കരുത്തില്‍ കടുത്ത ചൂടിനെയും പൊള്ളുന്ന വെയിലിനെയും വക വെക്കാതെ കത്തീഡ്രല്‍ ഇടവകയിലെ 68 കുടുംബസമ്മേളന യൂണിറ്റുകളില്‍ നിന്നായി ആയിരത്തോളം പേര് പങ്കെടുത്ത പദയാത്ര ക്രൈസ്തവ വിശ്വാസ തീക്ഷ്ണതയുടെ സാക്ഷ്യമായി മാറി.
രാവിലെ അഞ്ചിന് കത്തീഡ്രല്‍ അങ്കണത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ജനറല്‍ കണ്‍വീനര്‍ ബൈജു കാട്ടൂക്കാരനു പേപ്പല്‍ പതാക കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂര്‍, കരൂപ്പടന്ന, ചാപ്പാറ കോണ്‍വെന്റ്, കൊടുങ്ങല്ലൂര്‍ ടൗണ്‍ വഴി ഉച്ചയ്ക്ക് 11 ന് അഴീക്കോട് മാര്‍തോമ തീര്‍ഥാടന കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു. 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദയാത്ര അഴീക്കോട് മാര്‍തോമ തീര്‍ഥകേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ റെക്ടര്‍ ഫാ. സണ്ണി പുന്നേലിപറമ്പില്‍ സിഎംഐ സ്വീകരണം നല്കി.
വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഹാലിറ്റ് തുലാപറമ്പന്‍, ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, ഫാ. ജോസഫ് പയ്യപ്പിള്ളി, ജോയിന്റ് കണ്‍വീനര്‍മാരായ ബാബു ആന്റണി ചെമ്പന്‍, ആനി പോള്‍ പൊഴോലിപറമ്പില്‍, ട്രസ്റ്റിമാരായ ആന്റണി ജോണ്‍ കണ്ടംകുളത്തി, ലിംസണ്‍ ഊക്കന്‍, ജോബി അക്കരക്കാരന്‍, ബ്രിസ്റ്റോ എലുവത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്കി.