ഫ്ലോട്ടിംഗ് റിസര്‍വേഷന്‍ നിലനിര്‍ത്തണം: കെപിഎംഎസ്
കോണത്തുക്കുന്ന്: സംവരണ സമുദായങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസത്തിലേക്ക് കടന്നുപോകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഫ്ലോട്ടിംഗ് റിസര്‍വേഷന്‍ നിലനിര്‍ത്തണമെന്ന് കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം ശശി കൊരട്ടി ആവശ്യപ്പെട്ടു. വെള്ളാങ്ങല്ലൂര്‍ യൂണിയന് സമ്മേളനം ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നോക്ക സമുദായങ്ങള്‍ക്ക് ഭരണഘടന അവകാശമായ് നല്കിക്കൊണ്ടിരുന്ന സംവരണ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് മുന്നാക്ക സംവരണം നടപ്പാക്കി സവര്‍ണ സമ്പന്ന വിഭാഗങ്ങളെ പ്രീതിപ്പെടുത്തുകയാണ് സര്‍ക്കാര്‍. പതിറ്റാണ്ടുകളായി അധികാരത്തിന്റെ താക്കോല്‍ ദ്വാരങ്ങളില്‍ അകറ്റി നിര്‍ത്തിയവര്‍ ഒന്നു മനസ്സുവച്ചാല്‍ പല അധികാര കൊട്ടാരങ്ങളും തകര്‍ന്ന് വീഴുമെന്ന് ശശി കൊരട്ടി കൂട്ടി ചേര്‍ത്തു.
യൂണിയന് പ്രസിഡന്റ് എം.സി. സുനന്ദ കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.എ. അജയഘോഷ്, വൈസ് പ്രസിഡന്റ് പി.എന്‍. സുരന്, നേതാക്കളായ ശശി കൊരട്ടി, കെ.പി. ശോഭന, യൂണിയന് സെക്രട്ടറി എം.സി. ശിവദാസന്‍, സുനില്‍ മാരാത്ത്, ആശ ശ്രീനിവാസന്, സന്ധ്യാ മനോജ്, പ്രേംജിത്ത്, എം.കെ. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ആശ ശ്രീനിവാസന് (പ്രസിഡന്റ്), സന്ധ്യ മനോജ് (സെക്രട്ടറി), പി.ജെ. പ്രേംജിത്ത് (ഖജാന്‍ജി), എം.സി. സുനന്ദകുമാര്‍, ശിവന് കണ്ണാടിപറമ്പില്‍ (വൈസ് പ്രസിഡന്റുമാര്‍), സുനില്‍ മാരാത്ത്, പി.വി. അയ്യപ്പന് (അസിസ്റ്റന്റ് സെക്രട്ടറിമാര്‍) എന്നിവര്‍ ഭാരവാഹികളായി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.