ചേലൂര്‍ കനാല്‍പ്പാലം പുതുക്കുന്നു; 25 ലക്ഷം അനുവദിച്ചു, താത്കാലിക റോഡ് പണിതു
ചേലൂര്‍: അപകടാവസ്ഥയില്‍ നില്ക്കുന്ന ചേലൂര്‍ കനാല്‍പ്പാലം പൊതുമരാമത്തുവകുപ്പ് പുതുക്കിപ്പണിയുന്നു. ഇരിങ്ങാലക്കുട മൂന്നുപീടിക സംസ്ഥാനപാതയില്‍ ചേലൂര്‍ പള്ളിക്കു സമീപമുള്ള കനാല്പ്പാലമാണ് പൊളിക്കുന്നത്. ഇതിന്റെ ഭാഗമായി കനാല്‍പ്പാലത്തിന്റെ തെക്കുഭാഗത്തായി താത്കാലിക റോഡിന്റെ പണി പൂര്‍ത്തിയായി. ഇന്ന് പാലം പൊളിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചേലൂര്‍ പാടത്തുനിന്ന് തേമാലിത്തറ തോടുവഴി ഷണ്മുഖം കനാലിലേക്ക് വെള്ളമൊഴുകുന്ന തോടിനു മുകളിലാണ് പാലം നില്‍ക്കുന്നത്. കാലപ്പഴക്കം കൊണ്ട് സംരക്ഷണഭിത്തിയടക്കം തകര്‍ന്ന് അപകടാവസ്ഥയിലായ പാലം പുനര്‍നിര്‍മിക്കണമെന്ന് വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. പാലം പുതുക്കണമെന്നാവശ്യപ്പെട്ട് നവകേരളസദസില്‍ മുഖ്യമന്ത്രിക്ക് പരാതിയും ലഭിച്ചു. തുടര്‍ന്ന് മന്ത്രി ആര്. ബിന്ദു ഇടപെട്ട് 25 ലക്ഷം അനുവദിച്ചു. എട്ടര മീറ്ററില്‍ വീതികൂട്ടി നിര്‍മിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ബൈക്ക്, കാര്‍ എന്നീ ചെറിയ വാഹനങ്ങള്‍ കടന്നുപോകുന്നതിനായി സമീപം താത്കാലിക റോഡ് പണിതു.
ഗതാഗത നിയന്ത്രണം
ഇരിങ്ങാലക്കുട ഭാഗത്തുനിന്ന് വരുന്ന ബസുകളടക്കമുള്ള വലിയ വാഹനങ്ങള്‍ ചേലൂര്‍ ജംഗ്ഷനില്‍നിന്ന് ഇടത്തോട്ടുതിരിഞ്ഞ് എടക്കുളം അരിപ്പാലം വഴിയോ, പായമ്മല്‍ വഴിയോ പടിയൂരിലെത്തി തിരിഞ്ഞുപോകണം. മൂന്നുപീടിക ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പോസ്റ്റാഫീസ് ജംഗ്ഷനില്‍നിന്ന് വലത്തോട്ടുതിരിഞ്ഞ് എടതിരിഞ്ഞി വഴി പടിയൂര്‍ പായമ്മല്‍ വഴിയോ, വളവനങ്ങാടി അരിപ്പാലം എടക്കുളം വഴിയോ ഇരിങ്ങാലക്കുടയ്ക്ക് പോകണം. പണി കഴിയുന്നതുവരെ ഗതാഗതനിയന്ത്രണമുണ്ടായിരിക്കും.