പൊട്ടും, വീണ്ടും പൊട്ടും, നന്നാക്കി മടുത്തു!! പൈപ്പ് പൊട്ടല്‍ തുടര്‍കഥ…കുടിവെള്ള വിതരണം താറുമാറാകുന്നു
ഇരിങ്ങാലക്കുട: ക്ഷാമം വെള്ളത്തിനേയുള്ളൂ, പൈപ്പ് പൊട്ടലിനില്ല എന്നുള്ളതാണു ഇപ്പോള്‍ നാട്ടിലെ സ്ഥിതി. കടുത്ത വേനലില്‍ കുടിവെള്ളത്തിനായി ദാഹിച്ചു വലയുമ്പോഴും നഗരത്തില്‍ വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് പൊട്ടല്‍ മൂലം പാഴാകുന്നതു ആയിരക്കണക്കിനു ലിറ്റര്‍ വെള്ളം. ഇരിങ്ങാലക്കുട മേഖലയിലെ ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതു സ്ഥിരം കാഴ്ചയാണ്. പൈപ്പു പൊട്ടിയാല്‍ അതു കണ്ടെത്തി നന്നാക്കുകയെന്നതാണു ജല അഥോറിറ്റിയുടെ പ്രധാന വെല്ലുവിളി. കഴിഞ്ഞ ദിവസം ഠാണാ ജംഗ്ഷനില്‍ ജനറല്‍ ആശുപത്രിക്കു മുന്നില്‍ പൈപ്പു പൊട്ടി അറ്റകുറ്റപ്പണി നടത്തിയത് മൂന്നു തവണ. നേരത്തെ ഇതേസ്ഥലത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് പരാതിപ്പെട്ടിട്ടും അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. തുടര്‍ന്ന് പൈപ്പ് പൊട്ടിയഭാഗം അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കാലപ്പഴക്കം വന്ന പൈപ്പുകള്‍ മാറ്റാത്തതാണ് തുടരെ തുടരെ പൈപ്പ് പൊട്ടാനിടയാക്കുന്നതെന്ന് സമീപവാസികള്‍ കുറ്റപ്പെടുത്തി. ഠാണ ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി നിര്‍മാണം ആരംഭിക്കാനിരിക്കുന്ന ഭാഗത്താണ് കുടിവെള്ളം പാഴാകുന്നത്. നവീകരണം ആരംഭിക്കുന്നതുവരെ അറ്റകുറ്റപ്പണി നീട്ടിക്കൊണ്ടുപോകാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. നാലു ദിവസത്തിലൊരിക്കല്‍ മാത്രമാണു ഇപ്പോള്‍ കുടിവെള്ള വിതരണം നഗരസഭാ പ്രദേശത്തു പലയിടത്തും നടക്കുന്നത്. പൈപ്പ് പൊട്ടുന്നതോടെ കുടിവെള്ള വിതരണം ഓന്നോ രണ്ടോ ദിവസങ്ങള്‍ വൈകാനാണു സാധ്യത. പൈപ്പു പൊട്ടി ഒഴുകുന്ന വെള്ളം റോഡിലെ കുഴിയില്‍ നിറയുന്നതോടെ ഈ വെള്ളം പിന്നീട് സമീപത്തെ തോട്ടിലേക്കു ഒഴുകും. ഇതോടെ ആയിരക്കണക്കിനു ഗുണഭോക്താക്കള്‍ക്കു ലഭിക്കേണ്ട കുടിവെള്ളം പാഴാകുകയും ജലവിതരണം നിര്‍ത്തി വെയ്ക്കുകയും ചെയ്യും. അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷമേ ജലവിതരണം നടത്തുകയുള്ളൂവെങ്കിലും അറ്റകുറ്റപ്പണികള്‍ക്കായി ദിവസങ്ങളെടുക്കുന്നതാണു പലപ്പോഴും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.
ഒന്നോ രണ്ടോ ദിവസത്തേക്കുള്ള വെള്ളം പിടിച്ചുവയ്ക്കാന്‍ സംവിധാനമില്ലാത്തവരാണു നഗരത്തില്‍ ഏറെയുമുള്ളത്. കാലപ്പഴക്കമാണു അടിക്കടി പൈപ്പു പൊട്ടുന്നതിന്റെ പ്രധാന കാരണം. റോഡിലൂടെ വെള്ളം ഒഴുകുന്നതു കാണാമെങ്കിലും പൈപ്പു പൊട്ടല്‍ എവിടെയാണെന്നു കണ്ടെത്താനാണു ഏറെ പ്രാസം. അതു കണ്ടെത്തി ശരിയാക്കിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും അതേ സ്ഥലത്തോ കുറച്ചു മാറിയോ പൊട്ടുന്നതു പതിവാണ്. പൈപ്പ് സ്ഥാപിച്ചിരിക്കുന്നതിനു മേല്‍ ടാറിംഗ് വന്നതോടെ ഇതു വെട്ടിപ്പൊളിക്കാതെ പൈപ്പ് നന്നാക്കാന്‍ കഴിയാതായി. റോഡ് പൊളിക്കുന്നതിനെത്തുടര്ന്നുണ്ടാകുന്ന കുഴി താത്കാലികമായി മുടിയെങ്കിലും ടാറിംഗ് നടന്നിട്ടില്ല. ഏതു സമയത്താണു റോഡിലെ ഈ കുഴി മരണകെണികളാകുന്നതെന്നു പറയുക അസാധ്യം. വഴിയാത്രക്കാരും ബൈക്കടക്കമുള്ള ചെറുവാഹനങ്ങളിലെ യാത്രക്കാരും ഇത്തരം ചതിക്കുഴിയില്‍ വീഴുന്നതു പതിവായിട്ടുണ്ട്. പുതിയ പൈപ്പുലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വാട്ടര്‍ അഥോറിറ്റിയുടെ ഡിവിഷന് ഓഫീസിന് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും എന്ന് പ്രാവര്‍ത്തികമാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.