പേരില്‍ വനിതാ വ്യവസായകേന്ദ്രം; നിലവില്‍ മാലിന്യസംഭരണകേന്ദ്രംഉദ്ഘാടനംകഴിഞ്ഞ് മൂന്നരവര്‍ഷം
എടക്കുളം: വനിതാശാക്തീകരണം ലക്ഷ്യമാക്കി ഉദ്ഘാടനംചെയ്ത വ്യവസായകേന്ദ്രം മൂന്നരവര്‍ഷമായിട്ടും പ്രവര്‍ത്തനമാരംഭിച്ചില്ല. കെ.യു. അരുണന് എംഎല്‍എയുടെ ആസ്തിവികസനഫണ്ടുപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ പൂമംഗലം പഞ്ചായത്തിലെ വനിതാവ്യവസായകേന്ദ്രമാണ് ഉദ്ഘാടനംകഴിഞ്ഞ് മൂന്നരവര്‍ഷം പിന്നിട്ടിട്ടും ഒരു സംരംഭംപോലും തുടങ്ങാനാകാതെ കിടക്കുന്നത്. 2020 സെപ്റ്റംബറിലാണ് 24 ലക്ഷം രൂപ ചെലവഴിച്ച് നിര്മിച്ചകേന്ദ്രം ഉദ്ഘാടനംചെയ്തത്. മൂന്നരവര്‍ഷമായിട്ടും വ്യവസായകേന്ദ്രത്തിലേക്കാവശ്യമായ ത്രീഫേസ് വൈദ്യുതി എത്തിക്കാന്‍ കഴിയാത്തതായിരുന്നു തുറക്കാനുള്ള തടസമായിരുന്നത്. മേഖലയിലെ ഹരിതകര്‍മസേനാംഗങ്ങള്‍ വീടുകളില്‍നിന്ന് കൊണ്ടുവരുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ തരംതിരിക്കുന്ന സെന്ററായി വ്യവസായകേന്ദ്രം മാറി. കെട്ടിടത്തിനകത്തും പുറത്തും ചാക്കുകളിലാക്കി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. അടിയന്തരമായി വ്യവസായകേന്ദ്രം തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ പഞ്ചായത്ത് നടപടിയെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.