മഞ്ചേശ്വരത്ത് ആബുലന്‍സും കാറും കൂട്ടിയിടിച്ച് ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും മക്കളും മരിച്ചു
ഇരിങ്ങാലക്കുട: കാസര്‍ഗോഡ് മഞ്ചേശ്വരത്ത് വാഹനാപകടത്തില്‍ ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശികളായ അച്ഛനും രണ്ട് മക്കളും മരിച്ചു. പുതുമന ശിവദം വീട്ടില്‍ ശിവകുമാര്‍ (54), മക്കളായ ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് തിരികെ വരുന്ന വഴി ഇവര്‍ സഞ്ചിരിച്ചിരുന്നകാര് ആംബുലന്‍സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മഞ്ചേശ്വരം കുഞ്ചത്തൂര്‍ ദേശീയ പാതയില്‍ അമിതവേഗതയില്‍ വന്ന ആബുലന്‍സ് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. ആംബുലന്‍സിലുണ്ടായിരുന്ന രോഗി ഉഷ, ബന്ധു ശിവദാസ്, ഡ്രൈവര്‍ എന്നിവര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സ് തെറ്റായ ദിശയില്‍ കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഫയര്‍ഫോഴ്സ് സംഘം എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിലുണ്ടായവരെ പുറത്തെടുത്തത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വിശ്രമത്തില്‍ ആയതിനാല്‍ ശിവകുമാറിന്റെ ഭാര്യ സ്മിത യാത്രയില്‍ ഒപ്പമുണ്ടായിരുന്നില്ല. ശിവകുമാര്‍ കൂടല്‍മാണിക്യം ഉത്സവത്തിനു മുമ്പായാണ് ദുബായിയില്‍ നിന്ന് നാട്ടിലെത്തിയത്. ഈ വരുന്ന 18ന് ദുബായിലേക്ക് തിരിച്ചു പോകാനിരിക്കുകയായിരുന്നു. ശരത് ബിടെക് കഴിഞ്ഞ് അയര്‍ലണ്ടില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. സൗരവ് നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ബന്ധുക്കള്‍ മഞ്ചേശ്വരത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ മഞ്ചേശ്വരം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംസ്കാരം ഇന്നു നടക്കും.
ഉറ്റവരുടെ മരണം വിശ്വസിക്കാനാകാതെ വീട്ടുക്കാര്
ഇരിങ്ങാലക്കുട: ഒരു കൂടുംബത്തിലെ അച്ചനും മക്കളും അപകടത്തില്‍ മരിച്ചത് ആദ്യം വീട്ടുക്കാര്‍ക്ക് വിശ്വസികാനായില്ല. തന്റെ ഭര്‍ത്താവിന്റെയും മക്കളുടെയും വേര്‍പ്പാട് താങ്ങാവുന്നതിലുപ്പുറമാണ് സ്മിതക്ക്. പഠനത്തില്‍ ഏറെ മിടുക്കരായ മക്കളില്‍ ഒരാള്‍ എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി അയര്ലണ്ടിേക്ക് പോകാനൊരുങ്ങുന്നു. ഭര്‍ത്താവ് ദുബായില്‍ ഉയര്‍ന്ന ജോലി. എന്നും സന്തോഷത്തിലായിരുന്ന ഈ വീട്ടിലേക്കാണ് കരിനിഴല്‍പോലെ ഇന്നലെ മരണവാര്‍ത്തയെത്തിയത്. താങ്ങാവുന്നതിലപ്പുറമായിരുന്നു ഈ ദുരന്തവാര്‍ത്ത. ദുബായിലെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ശിവകുമാര്‍. ഈ വര്‍ഷത്തെ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് കുടിവെള്ളവും സംഭാരവും വിതരണം ചെയ്യുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ് ശിവകുമാര്‍.